ഉഷാന്റിയോടും ദിവാകരൻ അങ്കിളിനോടും എന്തോ കാര്യമായി സംസാരിച്ചു നിൽക്കുകയായിരുന്നു കക്ഷി.
അടുത്തേക്ക് ചെന്ന പാടെ, യാതൊരു മുഖവുരയുമില്ലാതെ ഞാൻ ചോദിച്ചു:
“ഗിരിയേട്ടൻ… എന്തൂട്ടാ ഗിരിയേട്ടന്റെ സെറ്റപ്പ്?”
എന്റെ ആ ഒറ്റ ചോദ്യം കേട്ടതും ഗിരിയേട്ടൻ മാത്രമല്ല, കൂടെ നിന്നിരുന്ന ആ രണ്ട് പ്രിൻസിപ്പൽമാരും ശരിക്കും ഒന്ന് ഞെട്ടി!
പെട്ടെന്ന് ഈ ‘സെറ്റപ്പ്’ എന്ന വാക്ക് കേട്ടതും ഉഷാന്റിയും ദിവാകരൻ അങ്കിളും എന്തോ കൊടുംപാതകം കേട്ടതുപോലെ തങ്ങളുടെ ഗുണസമ്പന്നനായ മകനെ വല്ലാതെ സംശയത്തോടെ അടിമുടി നോക്കി. “ഇവനീ ഏത് സെറ്റപ്പിന്റെ കാര്യമാ ഈ ചോദിക്കുന്നത്?” എന്നൊരു ചോദ്യം അവരുടെ ആ നോട്ടത്തിൽ വ്യക്തമായിരുന്നു.
അച്ഛന്റെയും അമ്മയുടെയും ആ തീപ്പൊരി നോട്ടം കണ്ടതും ഗിരിയേട്ടന്റെ കിളി പോയി.
ഇവനിവിടെ നിർത്തുകയാണെങ്കിൽ അച്ഛനമ്മമാരുടെ മുന്നിൽ തന്റെ ഇമേജ് മൊത്തത്തിൽ ഡാമേജ് ആകും എന്ന് മനസ്സിലാക്കിയ പുള്ളിക്ക് വെപ്രാളമായി.
“എടാ നീ ഒന്നിങ്ങോട്ട് വന്നേ…” എന്ന് പറഞ്ഞുകൊണ്ട് പുള്ളി വേഗം എന്റെ കയ്യിൽ കയറി പിടിച്ചു. പിന്നെ ഒന്നും നോക്കിയില്ല, ആൾക്കൂട്ടത്തിൽ നിന്നും കുറച്ചു മാറ്റി അല്പം ഇരുട്ടുള്ള ഒരു വശത്തേക്ക് എന്നെ വലിച്ചുകൊണ്ടുപോയി.
ആൾക്കൂട്ടത്തിൽ നിന്നും അല്പം മാറി ഇരുട്ടുള്ള ഭാഗത്തെത്തിയതും ഗിരിയേട്ടൻ എന്റെ കൈ വിട്ടു.
“എടാ…” ഗിരിയേട്ടൻ വലിയൊരു ഇടിവീരനാണെങ്കിലും ആ വിളിയിൽ വല്ലാത്തൊരു ദയനീയതയുണ്ടായിരുന്നു.
