ചോരയുടെ കാര്യം കേട്ടപ്പോൾ പുള്ളി ആദ്യം ഒന്നു മടിച്ചു നിന്നു. നാളെ കല്യാണം വെച്ചുകൊണ്ട് ഇന്ന് രാത്രി വല്ല പ്രശ്നത്തിനും പോയാൽ സീനാകുമെന്ന് കരുതിയാകണം. എങ്കിലും എന്നെ ഒറ്റയ്ക്ക് വിടാൻ പറ്റില്ലല്ലോ എന്ന് കരുതി, കുറച്ചു കഴിഞ്ഞപ്പോൾ പുള്ളി സമ്മതിച്ചു.
“എന്നാ വാ, പോയി നോക്കാം.”
ഇനിയിപ്പോൾ ഇവിടെ നിന്നിട്ട് കാര്യമില്ല. ഞങ്ങൾ ആരുമറിയാതെ പതുക്കെ ഗേറ്റ് കടന്ന് പുറത്തിറങ്ങി നേരെ നടന്നുപോയത് ഗിരിയേട്ടന്റെ വീട്ടിലേക്കാണ്. അവിടെ നിർത്തിയിട്ടിരുന്ന പുള്ളിയുടെ ബൈക്കുമെടുത്ത് ഞങ്ങൾ കട ലക്ഷ്യമാക്കി തിരിച്ചു.
രാത്രിയിലെ തണുത്ത കാറ്റേറ്റ് ബൈക്കിന്റെ പിന്നിലിരിക്കുമ്പോൾ വണ്ടിയൊടിക്കുന്ന ഗിരിയേട്ടൻ സംസാരം തുടങ്ങി….
“എന്തായാലും നിന്റെ ജീവിതം ഫുൾ മാറി സെറ്റപ്പായി ലെടാ…”
ഗിരിയേട്ടൻ എന്നെ സുഖിപ്പിക്കാൻ തുടങ്ങി.
“നിന്റെ പെണ്ണിനെ കണ്ടു ഞാൻ… എജ്ജാതി ലുക്കാടാ! നല്ല ഒന്നാന്തരം സൗന്ദര്യം… എന്റെ പൊന്നോ, നിങ്ങൾ തമ്മിൽ നല്ല കിടിലൻ ചേർച്ചയുണ്ട്. ഒരു രാജകുമാരനും രാജകുമാരിയും പോലെ!”
ഗിരിയേട്ടന്റെ ആ പുകഴ്ത്തൽ കേട്ടപ്പോൾ എന്റെ ഉള്ളിലെ നാണക്കാരൻ വീണ്ടും തലപൊക്കി. എന്റെ തങ്കക്കുടത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പറയുമ്പോൾ ആർക്കായാലും ഒന്ന് അഹങ്കരിക്കാൻ തോന്നില്ലേ? ഞാൻ വെറുതെ ഒന്ന് ചിരിച്ചു.
“ഇനിയിപ്പോ നിന്റെ കല്യാണം കഴിഞ്ഞാൽ, അടുത്തതായി നിന്റെ ചേച്ചിയുടെ കല്യാണം കൂടി അങ്ങ് നടത്തണ്ടേ?” ഗിരിയേട്ടൻ വളരെ ലാഘവത്തോടെ ചോദിച്ചു.
