“അതിന് ആദ്യം നിങ്ങൾ രണ്ടും കൂടി ഒരു തീരുമാനത്തിൽ എത്തണ്ടേ?”
ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു,
അതുകേട്ട് ബൈക്കിന്റെ മിററിലൂടെ ഗിരിയേട്ടൻ എന്നെയൊന്ന് നോക്കി ചിരിച്ചു. കാറ്റിന്റെ ഇരമ്പലിനിടയിലും പുള്ളിയുടെ ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
“അതവളോട് നേരിട്ട് പറയാൻ വേണ്ടിയിട്ടാടാ ഞാനിന്ന് അവളെ അന്വേഷിച്ചത്…”
അത്കേട്ടപ്പോൾ എനിക്ക് ശരിക്കും സന്തോഷം തോന്നി. ഇത്രയും കാലത്തെ ഇവരുടെ ഒളിച്ചുകളി അവസാനിക്കാൻ പോവുകയാണല്ലോ.
“അടിപൊളി! എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാവും. ചെന്ന് ധൈര്യമായിട്ട് കാര്യം പറ…” ഞാൻ പുള്ളിയുടെ തോളിൽ തട്ടി ആവേശം കൊടുത്തു.
അങ്ങനെ ചേച്ചിയുടെ കാര്യവും എന്റെ കല്യാണവിശേഷങ്ങളും ഒക്കെ പറഞ്ഞ് ഞങ്ങൾ ഞങ്ങളുടെ നാട്ടിൻപുറത്തെ കവലയും കടന്ന് ടൗണിലേക്ക് പ്രവേശിച്ചു.
പാതിരാത്രിയിലെ ടൗണിന് വല്ലാത്തൊരു ഭംഗിയുണ്ട്, ഒപ്പം ചെറിയൊരു ഭീകരതയും.
പകൽ സമയത്ത് വണ്ടികളുടെയും ആളുകളുടെയും തിരക്കുകൊണ്ട് ശ്വാസം മുട്ടുന്ന ആ വലിയ റോഡുകൾ ഇപ്പോൾ തികച്ചും വിജനമാണ്. മഞ്ഞ വെളിച്ചം വിതറുന്ന തെരുവുവിളക്കുകൾ നിരത്തിയിട്ട ടാർ റോഡിൽ പ്രതിഫലിച്ചു കിടക്കുന്നു.
റോഡിനിരുവശത്തുമുള്ള വലിയ കടകളുടെയെല്ലാം ഷട്ടറുകൾ അടഞ്ഞുകിടക്കുകയാണ്. എങ്കിലും പല കടകളുടെയും മുകളിലെ വലിയ നിയോൺ ബോർഡുകൾ ഇരുട്ടിൽ പല വർണ്ണങ്ങളിൽ തിളങ്ങിനിൽക്കുന്നുണ്ടായിരുന്നു. വല്ലപ്പോഴും ചീറിപ്പായുന്ന ഒന്നോ രണ്ടോ ആഡംബര കാറുകളോ ദൂരെയെവിടെയോ കുരയ്ക്കുന്ന തെരുവുനായ്ക്കളോ മാത്രമാണ് ആ നിശബ്ദതയെ കീറിമുറിക്കുന്നത്.
