“അടി നിർത്തഡി ചേച്ചി…” ഞാൻ വേഗം ഇടയിൽ കയറി ഗിരിയേട്ടനെ രക്ഷിച്ചു.
എന്നിട്ട് കടയിൽ നടന്ന കാര്യങ്ങളൊക്കെ ഒട്ടും കുറയ്ക്കാതെ ഞാൻ അവളോട് പറഞ്ഞു. അജു വിളിച്ചതും, കട പൊളിച്ചിട്ടതും, ചോര കണ്ടതും, സിസിടിവി കൃത്യസമയത്ത് പോയതുമൊക്കെ കേട്ടപ്പോൾ അവളുടെ മുഖത്തെ ദേഷ്യം മാറി ചെറിയൊരു പേടിയും അമ്പരപ്പും വന്നു.
“അതൊക്കെ നാളെ രാവിലെ പോലീസിനെ വിളിച്ചോ അല്ലെങ്കിൽ അച്ഛനെയോ ഏട്ടനെയോ കൂട്ടി പോയോ അന്വേഷിക്കാം. ഈ പാതിരാത്രിക്ക് ഇതാണോ നിങ്ങളുടെ പണി?”
അവൾ ഗിരിയേട്ടനെ നോക്കി ഒന്ന് ശാസിച്ചിട്ട് പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു.
എന്റെ വലത്തെ ചെവിക്ക് കയറി ഒറ്റ പിടി!
“ആഹ്… എന്റെ അമ്മേ…” ഞാൻ വേദന കൊണ്ട് പുളഞ്ഞുപോയി.
“നാളെയാടാ നിന്റെ കല്യാണം എന്നുള്ള വല്ല ബോധവുമുണ്ടോ നിനക്ക്? കല്യാണച്ചെക്കൻ പാതിരാത്രിക്ക് ചോരയും കടയും എന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുന്നു! എന്ത് പ്രശ്നമുണ്ടെങ്കിലും അത് നാളെ… ഇപ്പോ മിണ്ടാതെ പോയി കിടന്നുറങ്ങാൻ നോക്കെടാ…” എന്ന് പറഞ്ഞ് അവൾ എന്നെ അകത്തേക്ക് ആട്ടിപ്പായിച്ചു.
ഞാൻ തിരിഞ്ഞു നടക്കുമ്പോൾ, ഗിരിയേട്ടനോട് നാളെ നേരത്തെ വരണമെന്ന് അവൾ പതുക്കെ പറയുന്നതും ഞാൻ കേട്ടു.
ഞാൻ വേഗം റൂമിലേക്ക് പോയി ബെഡിലേക്ക് വീണു. കണ്ണടച്ചതും ഇന്നത്തെ സംഭവങ്ങളൊക്കെ എന്റെ മനസ്സിലൂടെ ഒന്നുകൂടി കടന്നുപോയി. കടയിലെ ചോര… ആ സ്ട്രീറ്റ് ലൈറ്റിന് താഴെ കണ്ട ഭയപ്പെടുത്തുന്ന രൂപം… എല്ലാം കൂടി എന്റെ ഉറക്കം കെടുത്താൻ നോക്കിയെങ്കിലും, എന്റെ മനസ്സ് അതിനൊന്നും നിന്നു കൊടുത്തില്ല.
