കല്യാണച്ചെക്കനായ ഞാൻ പുതിയ കുർത്തയൊക്കെ ഇട്ട്, ബന്ധുക്കളോട് ചിരിച്ചും സംസാരിച്ചും നടക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ കുറച്ചകലെ, ഇതുപോലെ തന്നെ അലങ്കരിച്ചൊരുക്കിയ അവളുടെ വീട്ടിലായിരുന്നു.
നാളത്തെ ദിവസത്തിനായി, എന്റെ പെണ്ണായി എന്റെ വീട്ടിലേക്ക് വരാൻ, എന്റെ മന്ദാരം അവിടെ എന്തൊക്കെ ചിന്തിച്ചിരിക്കുകയാവും? ആ കൊച്ചുകള്ളിയുടെ മുഖം ഓർക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് വെറുതെ കൂടിക്കൊണ്ടിരിക്കുകയാണ്…..
കല്യാണത്തലേന്നത്തെ ആ തിരക്കുകൾക്കും ബന്ധുക്കളുടെ കുശലാന്വേഷണങ്ങൾക്കും ഇടയിൽ നിൽക്കുമ്പോഴാണ് പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചത്.
പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കിയപ്പോൾ സ്ക്രീനിൽ ‘അജു’ എന്ന പേര് തെളിഞ്ഞു കിടക്കുന്നു. എന്റെ കടയിൽ നിൽക്കുന്ന പയ്യനാണ്.
ചുറ്റുമുള്ള ബഹളങ്ങളിൽ നിന്ന് മാറി, വീടിന്റെ വശത്തെ അല്പം ഇരുട്ടുള്ള ഭാഗത്തേക്ക് നടന്നു കൊണ്ടാണ് ഞാൻ കോൾ അറ്റൻഡ് ചെയ്തത്.
“ഹലോ… നീയിത് എവിടെയാടാ അജു?” ഫോൺ എടുത്ത പാടെ ഞാൻ ചോദിച്ചു.
“ചേട്ടാ… ഞാൻ കടയിലാ…” അപ്പുറത്ത് അജുവിന്റെ ശബ്ദത്തിൽ ചെറിയൊരു വെപ്രാളമുണ്ടായിരുന്നു.
അത് കേട്ടതും ഞാൻ എന്റെ മുതലാളി ഗമ പുറത്തെടുത്തു. “കടയിലോ? നിന്നോട് ഞാൻ പറഞ്ഞതല്ലേടാ കല്യാണം കഴിയുന്നതുവരെ ആ സാധനം തുറക്കണ്ട, നീ ഇങ്ങോട്ട് പോരെന്ന്? എന്ത് പണിയാടാ ഇത്?”
(നോക്കണേ… എന്ത് നല്ല മുതലാളിയാ ഞാൻ! കല്യാണത്തിരക്കുകൾക്കിടയിലും ജോലിക്കാരുടെ റെസ്റ്റിനെക്കുറിച്ച് ചിന്തിക്കുന്ന ഒരു പാവം!)
