“അതല്ല ഏട്ടാ… ഇവിടെ വലിയൊരു പ്രശ്നമുണ്ട്…” അജു പരിഭ്രമത്തോടെ പറഞ്ഞു.
“എന്ത് പ്രശ്നമായാലും നമുക്ക് കല്യാണം കഴിഞ്ഞിട്ട് സംസാരിക്കാം. നീ വേഗം ഇങ്ങോട്ട് വരാൻ നോക്ക്.” അത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്യാൻ തുനിഞ്ഞു.
“ചേട്ടാ വെക്കല്ലേ!” അവൻ അപ്പുറത്തുനിന്ന് അലറി. “കട… കട ആരോ അടിച്ചു തകർത്തിട്ടിരിക്കുവാ!”
ആ വാക്കുകൾ കേട്ടതും എന്റെ നെഞ്ചിടിപ്പ് നിന്നുപോയി. ഞാൻ നിന്ന നിൽനിൽപ്പിൽ മരവിച്ചുപോയി.
“എന്താടാ നീ ഈ പറയുന്നേ? എന്ത് പറ്റി?” എന്റെ ശബ്ദം അറിയാതെ ഉയർന്നു.
“എനിക്കറിയില്ല ഏട്ടാ…” അവൻ കരയുന്നതുപോലെ പറഞ്ഞു. “പുറത്തുനിന്ന് നോക്കുമ്പോൾ വലിയ കുഴപ്പമൊന്നുമില്ല. പക്ഷേ ഷട്ടർ പകുതി തുറന്ന നിലയിലായിരുന്നു. എനിക്ക് സംശയം തോന്നി ഞാൻ അകത്ത് കയറി നോക്കിയപ്പോൾ… ആകെ അലങ്കോലമാണ് ചേട്ടാ! സാധനങ്ങളും ഡ്രസ്സുകളും ഒക്കെ വലിച്ചു വാരി നിലത്തിട്ടിരിക്കുവാ… പോരാത്തതിന്…”
അവൻ ഒന്ന് നിർത്തി. അവന്റെ ശ്വാസം വേഗത്തിലാവുന്നത് ഫോണിലൂടെ എനിക്ക് കേൾക്കാമായിരുന്നു.
“പോരാത്തതിന്… നിലത്ത് ചിലയിടത്തൊക്കെ ചോരത്തുള്ളികളുമുണ്ട് ! എന്താ ഇവിടെ നടന്നതെന്ന് എനിക്കൊരു പിടുത്തവുമില്ല… എനിക്ക് ആകെ പേടിയാവുന്നു.”
ചോരയോ? എന്റെ കടയിലോ? എന്റെ തല പുകയാൻ തുടങ്ങി.
“നീ അപ്പൊ സിസിടിവി ഒന്നും നോക്കിയില്ലേ… ”
“നോക്കി പക്ഷെ അതിൽ സിഗ്നൽ കട്ടായ ഗ്രൈൻസ് (grain’s )അല്ലാതെ മറ്റൊന്നും കാണിക്കുന്നില്ല “
