മരുഭൂ വസന്തം 1
Marubhoo Vasantham Part 1 | Author : Luster
അധ്യായം 1
എത്ര പൊടുന്നനെയാണ് കാലം കടന്ന് പോകുന്നത്. ഒരു മണൽകാറ്റ് പോലെ ഊഷരവും താപാത്മകവുമായ അനുഭവങ്ങൾ ചുഴറ്റിയടിച്ച ജീവിത മേടുകളിലൂടെ കാലം ജീവിതങ്ങളെ ചുമന്ന് കൊണ്ടുപോകുന്നു.
എവിടെ നിന്ന് തുടങ്ങിയെന്നോ എങ്ങോട്ട് ചെന്നെത്തുമെന്നോ യാതൊരു മുൻവിധിയുമില്ലാത്ത തപിപ്പിക്കുന്ന മണൽക്കാറ്റ് പോലെയാണ് കാലം. അത് മനുഷ്യരെ വഹിച്ചു കൊണ്ടുപോകുന്നു. കാറ്റിൽ അകപ്പെട്ട കടലാസ് പോലെ ജീവിതങ്ങൾ ലക്ഷ്യമേതെന്ന് വ്യക്തതയില്ലാതെ അതിരുകൾ താണ്ടി ഒഴുകിപ്പോകുന്നു.
തന്റെ ജീവിതം ഈ അറബ് രാജ്യത്തെ വിശാലമായ മരുഭൂമികൾ താണ്ടി വരുന്ന മരുക്കാറ്റിൽ ഒഴുകിവന്ന ഒരു വെള്ളക്കടലാസ് പോലെ വാഹിദിന് തോന്നി. ആർക്കും ഇനി എന്തും അതിൽ എഴുതി വയ്ക്കാം. എത്രയെത്ര നിംന്നോന്നതങ്ങൾ കയറിയിറങ്ങി സഞ്ചരിക്കുന്നു തന്റെ ജീവിതം.
നരമൃഗങ്ങളാൽ കടിച്ചു കീറി കൊലചെയ്യപ്പെട്ട ഉമ്മയില്ലാത്ത ബാല്യവും ഡാമിൽ മരിച്ചു വീർത്തു കിടന്ന ഉപ്പയില്ലാത്ത കൗമാരവും, വെയിലും മഴയും മഞ്ഞും കൊണ്ട് കരിങ്കൽ ചുമന്ന്, പഠിച്ചു വിജയിച്ച യുവത്വവും പിന്നെ.. പിന്നെ തന്റെ എല്ലാമെല്ലാമായിരുന്ന ശാരികയും.. ജീവിതം എന്തൊരു വിചിത്ര വേദിയാണ്. ഗതിയറിയാതെ നീണ്ടുപോവുന്ന നാടകങ്ങൾ കൊട്ടിയാടപ്പെടുന്ന വേദി.
അവൻ റൂമിലെ വലിയ ഗ്ലാസ് വിൻഡോയിലൂടെ വിശാലമായ ദുബായ് നഗരത്തിന്റെ സമ്പന്നമായ ബാഹുല്യത്തിലേക്ക് അക്ഷോഭ്യനായി നോക്കി നിന്നു.
കലഹം.. പ്രണയം.. കാമം.. പിന്നെയും പിന്നെയും കാമം.. പിന്നെ പോരാട്ടങ്ങൾ.. നാടകാന്ത്യം..? വാഹിദ് ഗ്ലാസ് വിൻഡോയുടെ വലിയ കർട്ടൻ വലിച്ചിട്ടു തിരിഞ്ഞു നടന്ന് തന്റെ വിശാലമായ ഓഫീസിലെ സോഫയിൽ ചാഞ്ഞിരുന്നു കണ്ണടച്ചു.
