അതൊരു വില്ലയായിരുന്നു. അവിടെ സുധീറും ഭാര്യ ജാസ്മിനും ആറും മൂന്നും വയസ്സുള്ള രണ്ട് മക്കളും പിന്നെ നൂർജഹാനും താമസം. ചുറ്റും വെളുത്ത മതിലുകൊണ്ട് അതിർ തിരിച്ച, മനോഹരമായി ലാൻഡ്സ്‌കേപ്പ് ചെയ്ത സുന്ദരമായ ഇരുനില കെട്ടിടം. രണ്ട് കാറുകൾ പാർക് ചെയ്യാവുന്ന പോർച്ച്, വിശാലമായ ഹാളും കിടപ്പു മുറികളുമുള്ള മനോഹരമായ ഒരു വീട്. താഴെ സുധീറും കുടുംബവും മുകളിൽ നൂറയും.
സുധീർ അവന് കൈ കൊടുത്ത് അകത്തേക്ക് ആനയിച്ചു. രണ്ട് കുട്ടികളും ഒരു അപരിചിതനെ കണ്ട അങ്കലാപ്പിൽ ഉമ്മയുടെ പിന്നിൽ പതുങ്ങി നിന്നു. ജാസ്മിൻ മാത്രം മിഴികളിൽ അസാധാരണമായൊരു തിളക്കവുമായി അവൻ തന്റെ ഭർത്താവുമായി സംസാരിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് നിന്നു.
അതി മനോഹരിയായ ഒരു മുപ്പത്തുകാരിയാണ് ജാസ്മിൻ. അത്യാവശ്യം മാംസംളമായ ശരീരത്തിൽ സമ്പന്നതയുടെ ധാരാളിത്തം തുടിച്ചു നിൽക്കുന്നുണ്ടെങ്കിലും അവൾ മനോഹരമായി ശരീരം സംരക്ഷിക്കുന്നുണ്ട്.
“ജാസീത്താ, ഇങ്ങോട്ട് ഒന്ന് വരാവോ.”? കിച്ചണിൽ നിന്ന് നൂറയുടെ വിളി കേട്ടപ്പോൾ ജാസ്മിൻ അങ്ങോട്ട് ചെന്നു.
“നൂറയോട് കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല ല്ലേ.” വാഹിദ് സുധീറിനോട് ചോദിച്ചു.
“ഇല്ല സർ. എന്താണ് പറയേണ്ടത്. അവളൂടെന്നല്ല ആരോടും പറയാൻ പറ്റാത്ത കാര്യം അല്ലേ.” സുധീർ വികാര രഹിതമായി വാഹിദിനെ നോക്കികൊണ്ട് പറഞ്ഞു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. താഴേക്ക് നോക്കി ഇരിക്കുക മാത്രം ചെയ്തു.
“തീരുമാനം എന്താണെന്ന് എനിക്കറിയില്ല. ആളെ കണ്ട് പിടിച്ച് നിയമത്തിന്റെ മുന്നിൽ എത്തിക്കാനോ അതോ സ്വയം നിയമം നടപ്പാക്കാനോ എന്ന് അറിയാത്ത കാര്യം ഞാനെങ്ങനെ അവളെ അറിയിക്കും.” സുധീർ ഗൗരവത്തിൽ പറഞ്ഞു. വാഹിദ് കേൾക്കുക മാത്രം ചെയ്തു, ഒന്നും പറഞ്ഞില്ല. സുധീർ അൽപ്പ നേരത്തെ മൗനത്തിനു ശേഷം വീണ്ടും സംസാരിച്ചു.
“ഇവിടെ എവിടെയാണ് അവർ എന്നോ ആരാണ് യഥാർത്ഥ വ്യക്തി എന്നോ വല്ല സംശയമോ മറ്റോ ഉണ്ടോ.”?
“ഇല്ല.. നാട്ടിൽ പല സാധ്യതകളും സംശയിച്ചു പലരുടെയും പിന്നാലെ പോയി. പക്ഷെ അവസാനം ഇവിടം വരെ എത്തി നിൽക്കുന്നു അന്വേഷണം. അത് കഴിഞ്ഞു മടങ്ങണം.” വാഹിദ് പറഞ്ഞു.
“എന്ത് കഴിഞ്ഞു മടങ്ങണം ന്ന്. എന്തുവാ സംഭവം.”? അത് കേട്ട് കൊണ്ട് ട്രെയിൽ രണ്ട് ഗ്ലാസ് ജൂസും കൊണ്ട് വന്ന നൂറ ചോദിച്ചു.
“ഉടനെ സാറിനൊരു പെണ്ണിനെ കണ്ടെത്തണം, എന്നിട്ട് മടങ്ങണം ന്ന് പറഞ്ഞതാ.” സുധീർ പറഞ്ഞു. അവൾ വാഹിദിനെ നോക്കി അത് കൊള്ളാം എന്ന അർത്ഥത്തിൽ ഒന്ന് പുഞ്ചിരിച്ചു.
അവർക്ക് രണ്ട് പേർക്കും ജ്യൂസ് കൊടുത്ത് അവൾ കിച്ചനിലേക്ക് തന്നെ പോയി.
