“അന്വേഷിച് അന്വേഷിച് എന്ത് ചെയ്യാനാ. ഇവിടെയിട്ട് തീർക്കാൻ ആണോ. ഒന്ന് നൂല് പൊട്ടിയാൽ എല്ലാം ഊർന്ന് താഴെ വീഴുന്ന മാലപോലെയാണ് ബിസിനസ്. എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ എല്ലാം കൂപ്പു കുത്തും. ശാരിക മാഡം അത്ര കഷ്ടപ്പെട്ട് വളർത്തി കൊണ്ടുവന്ന സാമ്രാജ്യമാണ് എന്നോർക്കണം.” സുധീർ പറഞ്ഞു.
“എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സ് പകപ്പെടുത്താൻ കഴിയുന്നില്ല. ഇതൊന്നും എന്റേത് അല്ല, അവൾ മാത്രമേ എന്റതായി ഉണ്ടായിരുന്നുള്ളൂ. എനിക്ക് ഈ ലോകത്ത് ആകെ ഉണ്ടായിരുന്നതും അവൾ മാത്രമായിരുന്നു.” വാഹിദ് ഏതോ ഓർമ്മയിൽ സ്വയംന്നഷ്ടപ്പെട്ടവനെ പോലെ പതുക്കെ പറഞ്ഞു.
“അതൊക്കെ ആയിരിക്കാം. എന്നിട്ടും എന്തിനാണ് എല്ലാം നിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് അവർ എഴുതി വച്ചത്. മരണം മുന്നിൽ കണ്ട് കാർന്നോന്മാർ പ്രമാണം എഴുതി വച്ചത് പോലെ ഒന്നും അല്ലല്ലോ. നിങ്ങളാണ് അവരുടെ സാമ്രാജ്യം സംരക്ഷിക്കാൻ പ്രാപ്തൻ എന്ന് വ്യക്തമായി അറിയുന്നത് കൊണ്ടല്ലേ.” സുധീർ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“എനിക്ക് അതറിയില്ലായിരുന്നു. രാജൻ ചേട്ടനും അവളും മാത്രമറിയുന്ന ഒരു രഹസ്യമായിരുന്നു അത്. അവൾക്ക് എന്നോടുള്ള പ്രണയത്തിന്റെ ആഴമായിരുന്നു അത്.” അവൻ നിസ്സഹായതയോടെ പറഞ്ഞു.
“എന്ന് കരുതി കടപ്പാടും പറഞ്ഞു ഇനി വേറെ കല്യാണമേ വേണ്ടന്ന് വെക്കാനാണോ പരിപാടി. അവസാനം പനിച്ചു കിടക്കുമ്പോ ആവി പിടിച്ച് തരാമോ ന്നും ചോദിച്ചു വന്നാ എന്നെക്കൊണ്ടൊന്നും വയ്യ. ഞാനെ ശാരീസ് ഗ്രൂപ്പ് മാനേജരാ. ഇച്ചിരി ഗമയൊക്കെ കാണും.” അടുക്കളയിൽ നിന്ന് ഭക്ഷണം ഡെയിനിങ് ടേബിളിലേക്ക് കൊണ്ട് വന്നിരുന്ന നൂറ വാഹിദ് പറഞ്ഞത് കേട്ട് തമാശ പറഞ്ഞു.
