“ഈ നൂറയ്ക്ക് ഇപ്പൊ ഇരുപത്തിആറു വയസ്സായി. എന്നിട്ടും ടൈം ആവട്ടെ ന്ന് പറഞ്ഞു കല്യാണം കഴിക്കാതെ നടക്കുവാ അവൾടെ വിചാരം അവളിപ്പോഴും കൊച്ചാ ന്നാ.” സുധീർ വാഹിദിനോട് പറഞ്ഞു. നൂറ അയാളെ തുറിച്ചു നോക്കി കണ്ണുരുട്ടി. വാഹിദ് അത് കണ്ട് ചിരിച്ചു.
“ഹേയ് കണ്ടാ അങ്ങിനെ തോന്നില്ല ല്ലോ. നല്ല പ്രായം തോന്നിക്കുന്നുണ്ട്. വേഗം കെട്ടിച്ചു വിടാൻ നോക്ക്, പിന്നെ കിളവന്മാരെ കിട്ടാതെ വരും.” വാഹിദ് ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു ഇറച്ചി പത്തിരി മുറിച്ചു വായിലേക്ക് ഇട്ടിരുന്ന നൂറ ചവയ്ക്കാൻ മറന്ന് അവനെ ഒന്നിരുത്തി നോക്കി. എല്ലാവരും അത് കണ്ട് പൊട്ടിച്ചിരിച്ചു.
“ഓഹ് ഒരു സെക്രട്ടറിയെ നോക്കാം ന്ന് ഞാൻ പറഞ്ഞിരുന്നു. അതിന്റെ കോൺഫിഡൻസ് കൊണ്ടാവും നമ്മളിപ്പോ തള്ളയായത്.” അവൾ ചുണ്ടുകോട്ടി പുച്ഛം അഭിനയിച്ചു. വാഹിദ് വെറുതെ ഊറിചിരിച്ചു.
“സെക്രട്ടറിയോ. എന്തിന്. ഇവിടെയൊക്കെ കോർപ്പറേറ്റ് ഫീൽഡിൽ വർക് ചെയ്യുന്ന പെൺകുട്ടികളിൽ നല്ലൊരു ഭാഗവും എങ്ങിനെയാണ് എന്ന് തനിക്ക് അറിയില്ലേ. അതൊന്നും വേണ്ട.” സുധീർ അവളോട് പറഞ്ഞു.
“എന്നെ ഇഷ്ടപ്പെടാത്ത ആൾക്കാർക്ക് അവർക്ക് പറ്റിയ ആൾക്കാരെ കണ്ട് പിടിക്കണ്ടേ. അല്ലാണ്ട് ഇങ്ങനെ ഒണക്കപ്പുകയിലപോലെ ഒടിഞ്ഞു കുത്തി ഇരിക്കാൻ വിടണോ.” അവൾ ചൊടിച്ചു. അത് കേട്ട് സുധീറിന് അതിശയം തോന്നി
“നിന്നെ ഇഷ്ടപ്പെട്ടില്ലെന്നോ. നിന്നെ ഇഷ്ടപെടാത്ത ആൾക്കാരുണ്ടോ. സാർ അങ്ങനെ പറഞ്ഞോ.?” സുധീർ വാഹിദിനെ നോക്കി. അവൻ നിഷേധാർത്ഥത്തിൽ തലയിളക്കി വായിലുള്ള ഭക്ഷണം ഇറക്കി.
