“ഇതൊക്കെ തള്ളേടെ തള്ളാണ്. ഞാൻ ഇങ്ങനെയുള്ള ഒരു കാര്യവും സംസാരിച്ചിട്ട് പോലും ഇല്ല.” വാഹിദ് പറഞ്ഞു.
“എന്നെ തള്ളന്ന് വിളിച്ചാൽ ണ്ടല്ലോ. ന്റെ വിധം മാറുവേ, പറഞ്ഞേക്കാം.” അവൾ അവനോട് ശുണ്ഠിയെടുത്തു ചൊടിച്ചു.
“സെക്രട്ടറി ഒന്നും വേണ്ട. അവർക്ക് ജോലിയും നല്ല ശമ്പളവും മാത്രം മതിയാകില്ല, വേറെയും പല ലാഭങ്ങളും കൂടി കൊടുക്കേണ്ടി വരും. അല്ലെങ്കിൽ അവരത് നേടിയെടുക്കും. എന്തിനാ വെറുതെ.” ജാസ്മിൻ പറഞ്ഞു. അവളുടെ സംസാരസത്തിൽ ഊറിക്കൂടിയ ഇടർച്ച നൂറയെ ദേഷ്യം പിടിപ്പിച്ചു. അവൾ ദഹിപ്പിക്കുന്ന കണ്ണുകളോടെ ജാസ്മിനെ നോക്കി. താൻ പിടിക്കപ്പെട്ടു എന്ന തിരിച്ചറിവിൽ ജാസ്മിൻ നൂറയിൽ നിന്ന് കണ്ണുകൾ ഒളിപ്പിച്ചു.
“അസ്സൽ ഭക്ഷണം. ഞങ്ങടെ നാട്ടിൽ നിന്ന് വ്യത്യസ്തമായ രുചി. ആദ്യമായിട്ടാ ഇത്രേം രുചികരമായി ഭക്ഷണം കഴിക്കുന്നേ.” വാഹിദ് കഴിക്കൽ അവസാനിപ്പിച്ചു കൊണ്ട് നന്ദിയോടെ ജാസ്മിനെ നോക്കി ആത്മാർത്ഥമായി പറഞ്ഞു.
“ഹലോ. അങ്ങോട്ടല്ല ഇങ്ങോട്ട് ഇങ്ങോട്ട്. ഇബടെ നോക്ക്.” നൂറ ഗൗരവം അഭിനയിച്ചു തന്നിലേക്ക് തന്നെ വിരൽ ചൂണ്ടിക്കൊണ്ട് അവനോട് പറഞ്ഞു. അവളാണ് ഇത്രയും നല്ല ഭക്ഷണത്തിനു പിന്നിൽ എന്നറിഞ്ഞപ്പോൾ വാഹിദിന് അത്ഭുതം തോന്നി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവൻ.
“ആ അതാണല്ലേ ഇത്രേം രുചി. അല്ലെങ്കിലും ഉമ്മമാർക്കും അമ്മച്ചിമാർക്കും വല്ലാത്തൊരു കൈപ്പുണ്യം തന്നാ.” അവൻ അവളോട് ഉഗ്രൻ എന്ന് ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് ദേഷ്യത്തോടെ നൂറ കഴിച്ചു കഴിഞ്ഞ പ്ലേറ്റ് അല്പം ശക്തിയോടെ തള്ളിനീക്കി മുഖം കോർപ്പപ്പിച്ചിരുന്നു. അത് കണ്ട് എല്ലാവരും പൊട്ടിചിരിച്ചപ്പോൾ അവൾ മാത്രം കൃത്രിമ ദേഷ്യത്തോടെ വാഹിദിനെ നോക്കിക്കൊണ്ടിരുന്നു.
