ശാരിക..! തന്റെ ശാരി..!
അവളുടെ പ്രണയം.! പിന്നെ..!!
അവളോട് താൻ ചെയ്തത് എന്ത് വലിയ തെറ്റാണ്.! തന്നെ പ്രാണനെ പോലെ സ്നേഹിച്ച പ്രായപൂർത്തിയായ ഒരു കുഞ്ഞു വാവയായിരുന്നു അവൾ. ഇക്ക ഇക്ക എന്ന് മന്ത്രിച്ചുകൊണ്ടല്ലാതെ നടന്നിട്ടില്ല. കിടന്നിട്ടില്ല, ഇരുന്നിട്ടില്ല ഉണ്ടിട്ടില്ല. ഇക്ക എന്ന് മന്ത്രിച്ചു കൊണ്ടല്ലാതെ മരിച്ചതും ഇല്ല.!
“ശാരി..” അവന്റെ വിറക്കുന്ന ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. കണ്ണുകൾ നിറഞ്ഞു അടഞ്ഞ കൺപോളകൾക്കിടയിൽ ഊറി വന്നു.
എല്ലാ പ്രതിസന്ധികളും ഉന്മൂലനം ചെയ്ത് കാര്യങ്ങളൊക്കെ വെടിപ്പാക്കി നല്ല നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന നാളുകൾ. തന്റെ ഭാര്യയായി, തന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്ന് ഉല്ലാസവതിയായി തന്റെ മാറിൽ മഞ്ഞുകണം പോലെ അലിഞ്ഞു കൂടി കുറുമ്പുകാട്ടിയിരുന്ന ശാരി. അവൾ എന്നെന്നേക്കുമായി തന്നെ വിട്ട് പോയിരിക്കുന്നു. ഈ ലോകം വെടിഞ്ഞു മടങ്ങിപ്പോയിരിക്കുന്നു.
ആ മരണത്തിനു കാരണമായവർ ഈ നഗരത്തിലുണ്ട്. ഈ കണ്ണഞ്ചിപ്പിക്കുന്ന മഹാനഗരത്തിന്റെ ഏതോ മൂലയിൽ സ്വസ്ഥമായി അവർ ജീവിക്കുന്നുണ്ട്. നാട്ടിലെ ഒന്ന് രണ്ട് മാസത്തെ അലച്ചിൽ കഴിഞ്ഞു താൻ ഇവിടേക്ക് വന്നത് അവരെ തേടിയാണ്.
തന്റെ ജീവിതം കവർന്നെടുത്തിട്ട് തോന്നിയത് പോലെ എവിടെയെങ്കിലും സുഖിച്ചു ജീവിക്കുന്നെങ്കിൽ ഞാൻ പോട്ടെ എന്ന് വച്ചേനെ, പക്ഷെ അവർ ഇല്ലാതാക്കിയത് ഒരു നന്മയാണ്. ഒരു വിശുദ്ധിയാണ്. കണ്ടെത്താതെ തനിക്കൊരു തൃപ്തികരമായ മരണം സാധ്യമല്ല.
അവന്റെ മുഖത്ത് ഗൗരവം നിഴലിച്ചു. കവിളുകൾ ചുവന്നു. ജോർജിന്റെ മുഖം മഴു കൊണ്ട് ഒറ്റ വെട്ടിനു രണ്ടായി പിളർത്തിയത് അവന്റെ മനസ്സിൽ തെളിഞ്ഞു. അതിനേക്കാൾ ഭീകരമായി തന്റെ വസന്തം കവർന്നെടുത്തവരെ ഇഞ്ചിഞ്ചായി വേട്ടയാടാൻ വാഹിദ് കൊതിച്ചു. അവൻ എഴുന്നേറ്റ് വീണ്ടും ഗ്ലാസ് വിൻഡോയുടെ അടുത്തേക്ക് ചെന്ന് വിരിപ്പ് മാറ്റി പുറത്തേക്ക് നോക്കി.
