വൃക്ഷങ്ങളുടെ തലപ്പുകൾ ഇല്ലാതെ, അംബരചുംബികളായ കൊട്ടാരസദൃശ്യമായ മനോഹര കെട്ടിടങ്ങളിൽ പലവർണ്ണ ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്നു. വാഹനങ്ങളുടെ ഹെഡ്ലൈറ്റും എതിർ ദിശയിലേക്ക് പോകുന്ന വാഹനത്തിന്റെ പുറകിലെ ചുവന്ന ദീപങ്ങളും ആ മനോഹരമായ നീണ്ട് പോകുന്ന റോഡിൽ സുന്ദരമായ ദൃശ്യവിഷ്കാരം തീർക്കുന്നു. അതിനുമപ്പുറം,
ചക്രവാളത്തിൽ അസ്തമിച്ചു കഴിഞ്ഞ പകലിന്റെ നൊമ്പരം പോലെ രക്തവർണ്ണ മേഘങ്ങൾ നിശ്ചലമായി മൂടിക്കെട്ടി നിൽക്കുന്നു. അസ്തമയത്തിലേക്ക് കണ്ണയച്ചു വാഹിദ് ഏറെ നേരം നിന്നു. പിന്നിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.
നൂറ.! നൂർജഹാൻ എന്ന നൂറ..!!
ശാരീസ് ഗ്രൂപ്പിന്റെ GCC ഹെഡ് ഓഫീസ് സെക്രട്ടറി.! മിഡിൽ ഈസ്റ്റ് റീജിയണൽ മാർക്കറ്റിംഗ് മാനേജർ സുധീറിന്റ പെങ്ങൾ.! വാഹിദ് അലക്ഷ്യമായി അവളെ നോക്കി. അവൾ സംസാരിക്കണോ തന്നോട് ഇങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ മറുപടി നൽകിയാൽ മതിയോ എന്ന് ശങ്കിച്ചു നിൽപ്പാണ്.
താൻ ഇവിടെ വന്നിട്ട് ഏകദേശം മൂന്നു ദിവസമേ ആയിട്ടുള്ളൂ. ആളുകൾക്ക് അത്ര സുപരിചിതൻ ആയിട്ടില്ല. ഇവരെയൊക്കെ തന്റെയും ശാരിയുടെയും വിവാഹത്തിന് കണ്ടിരുന്നു എന്ന് വാഹിദ് ഓർത്തു. അന്നും പർദ്ധയും ഹിജാബും ധരിച്ചാണ് ഇവൾ വന്നിരുന്നത്.
ഏതോ ദുബായ് റോയൽ ഫാമിലി അംഗമാവും എന്നാണ് കരുതിയത്.
കാഴ്ചയിൽ സൗന്ദര്യത്തിലും വസ്ത്ര ധാരണത്തിലും ഒരു അറബി യുവതിയെന്നേ തോന്നൂ. താൻ അവളെ പരിചയപ്പെട്ടപ്പോൾ ശാരിക തന്റെ കൈയിൽ തൂങ്ങി അവളോട് അധികം സംസാരിക്കാൻ അനുവദിക്കാതെ മാറ്റിമാറ്റി നിർത്തിക്കൊണ്ടിരുന്നത് അവന് ഓർമ്മ വന്നു. അത് മനസ്സിൽ തെളിഞ്ഞപ്പോൾ ചുണ്ടിൽ ഒരു മന്ദഹാസം മിന്നിപ്പൊലിഞ്ഞു.
