“ഓഹ്.. ഐ ആം സോറി.. ഞാൻ സമയം ശ്രദ്ധിച്ചില്ല.” വാഹിദ് ക്ഷമ പറഞ്ഞു.
“ഹേയ്, ഇവിടെ ഇങ്ങനൊക്കെ പലപ്പോഴും ഇരിക്കേണ്ടി വരുന്നതാ. ജോലിതിരക്ക് കാരണം.” അവൾ മനോഹരമായി പുഞ്ചിരിച്ചു. അവൻ നടന്ന് അവളുടെ അടുത്തെത്തി മുറിയിൽ നിന്ന് പുറത്തിറങ്ങി.
അവൾ സ്പർശിക്കാതിരിക്കാൻ അൽപ്പം ഒന്ന് ഒതുങ്ങി നിന്നു. പിന്നെ വാഹിദിന്റ പിന്നാലെ നടന്നു. ലിഫ്റ്റിൽ കേറുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല. അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ ഇറങ്ങി കാറിന് നേരെ നടക്കുമ്പോൾ അവൾ ചോദിച്ചു.
“സാർ വന്നിട്ട് ഇതുവരെ വീട്ടിൽ വന്നില്ല ല്ലോ. ഇന്നത്തെ ഭക്ഷണം വീട്ടിൽ നിന്ന് ആയിക്കൂടെ.”? അവൾ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ അയാളെ നോക്കി.
“ഹേയ് അത് വേണ്ട. ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം.” അവൻ പതുക്കെ പറഞ്ഞു.
“എന്റെ കുക്കിംഗ് അത്ര മോശമൊന്നും അല്ല ട്ടാ. നല്ല മലബാർ സ്റ്റൈൽ ഫുഡ് ഉണ്ടാക്കും ഞാൻ.” അവൾ ചെറിയ ചിരിയോടെ പറഞ്ഞു. അവന്റെ ചുണ്ടിലും ഒരു മന്ദഹാസം പ്രത്യക്ഷപെട്ടു.
രാവിൽ അനേകായിരം വർണ്ണവിളക്കുകളുടെ അതിപ്രസരസത്തിൽ കുളിച്ചു നിൽക്കുന്ന സുന്ദരിയായ നഗരം. ആഡംബരത്തിന്റെയും ആഡ്യത്വത്തിന്റെയും മായിക ഭാവമുള്ള നഗരം. ഒഴുകി നീങ്ങുന്ന അനേകം വാഹനങ്ങൾക്കിടയിലൂടെ നൂറ തന്റെ ബെൻസ് ഡ്രൈവ് ചെയ്തു.
“സാർ, ഇനി കുറച്ചുനാൾ ഇവിടെ ഉണ്ടാവില്ലേ.”? അവൾ ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല. എത്ര ദിവസം ഉണ്ടാകുമെന്ന് നിശ്ചയിക്കാൻ നിർവ്വാഹമില്ലാത്ത ഒരുദ്യമത്തിന് ഇറങ്ങി തിരിച്ചതാണ് താൻ. എന്ന് മടങ്ങാൻ സാധിക്കും എന്ന് ഒരുറപ്പും ഇല്ല. ചിലപ്പോൾ ഇന്ന്.. ചിലപ്പോൾ നാളെ.. ചിലപ്പോൾ നീണ്ട് പോയേക്കാം. അവൻ ഒന്നും പറയാതെ സീറ്റിൽ ചാരി മുന്നിൽ പോകുന്ന വാഹനങ്ങൾ നോക്കി ഇരുന്നു.
