“സാറിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. എങ്ങിനെ സമാധാനിപ്പിക്കണം എന്നോ എന്ത് പറയണം എന്നോ എനിക്ക് അറിയില്ല. എന്ത് പറഞ്ഞാലും സാറിന് സമാധാനം ലഭിക്കുമോ എന്നും എനിക്കറിയില്ല. എന്നാലും സാർ ഇങ്ങനെ ഡൌൺ ആയാൽ എല്ലാം ഡൌൺ ആകും സാർ.”
അവൾ പതിഞ്ഞ സ്വരത്തിൽ അവനോട് പറഞ്ഞു. അവൻ അതിനും മറുപടി ഒന്നും പറഞ്ഞില്ല. അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. അവൾ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന് വാഹിദിന് മനസ്സിലായില്ല. ആകെ മൂന്ന് ദിവസമേ ആയിട്ടുള്ളൂ വന്നിട്ട്, അത് കൊണ്ട് സ്ഥലങ്ങളൊന്നും നിശ്ചയമില്ല. കഴിഞ്ഞ രണ്ട് രാത്രികളും ഹോട്ടലിൽ മുറി അറേഞ്ച് ചെയ്തിരുന്നതിനാൽ അവിടെയാണ് കിടന്നത്.
പക്ഷെ ഇത്രയൊന്നും ദൂരം ഉണ്ടായിരുന്നില്ല അവിടേക്ക്, ഇവൾ എങ്ങോട്ടാണ് തന്നെ കൊണ്ട് പോകുന്നത്.
“എങ്ങോട്ടാ നൂർജഹാൻ നമ്മൾ പോകുന്നത്.”? അവൻ സംശയം പ്രകടിപ്പിച്ചു.
“സാർ ഭയങ്കര മൂഡ് ഓഫ് ആയി ജീവിതം മടുത്തു വന്നിരിക്കയല്ലേ. കൊല്ലാൻ കൊണ്ട് പോവാ.” അവൾ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു. അവൾ തന്നെ ഭൂതകാലത്തിൽ നിന്ന് കൈപിടിച്ച് നടത്തി വർത്തമാന കാലത്തിലേക്ക് ആനയിക്കാൻ ശ്രമിക്കുകയാണെന്ന് വാഹിദിന് മനസ്സിലായി.
“പക്ഷേ ഇവിടെ അത്ര എളുപ്പമല്ലല്ലോ കൊന്നിട്ട് രക്ഷപ്പെടൽ. പിന്നെന്ത് ചെയ്യും.? അവൻ അവളുടെ തമാശയിൽ പങ്ക്ചേരാൻ ശ്രമിച്ചു.
“അതൊക്കെ സൂത്രം ണ്ട്. സാർ എപ്പോ മരിക്കണം ന്ന് തീരുമാനിച്ചാൽ മാത്രം മതി.” അവൾ സംസാരം തുടരാൻ വേണ്ടി അതിൽ കടിച്ചു തൂങ്ങി.
“ന്നാ ഇപ്പൊ തന്നെ ഒന്ന് കൊന്ന് തന്നാൽ അത്രേം സന്തോഷം.” അവൻ അൽപ്പം പതർച്ചയോടെ പറഞ്ഞു. നൂറയ്ക്ക് കാര്യം മനസ്സിലായി. പിന്നയൊന്നും അവൾ സംസാരിച്ചില്ല. കാർ മെയിൻ ഹൈവെയിൽ നിന്ന് ഒരു ഫ്രീ റൈറ്റ് എടുത്ത് ഫ്ലൈഓവർ കേറി അസംഖ്യം കെട്ടിടങ്ങൾ നിരന്നു നിൽക്കുന്ന ഒരു അക്കമഡേഷൻ സോണിലേക്ക് പ്രവേശിച്ചു. ഒരു ബിൽഡിംഗ്‌ന്റെ താഴെ പാർക്കിംഗ് ഏരിയയിൽ വണ്ടി കൊണ്ടുപോയി നിർത്തി നൂറ പുറത്തേക്ക് ഇറങ്ങി. കൂടെ അവനും.
അധ്യായം 2
