നൂറ ജാലകത്തിന്റെ വിരിപ്പ് രണ്ട് ഭാഗത്തേക്ക് നീക്കി ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. രാത്രി വിശാലമായി കിടക്കുന്നു. നവംബർ മാസത്തിന്റെ അവസാന നാളുകളാണ്, ചൂട് കുറഞ്ഞു തണുപ്പ് കാലം തുടങ്ങാൻ പോകുന്നതേയുള്ളൂ. അല്ലെങ്കിൽ മാംസം ഉരുകുന്ന ഹ്യൂമിഡിറ്റിയാകും.വിയർത്തു മേലാസകാലം താഴേക്ക് ഒഴുകും. അവൾ ഗ്ലാസ് സ്ലൈഡ് ഒരു ഭാഗത്തേക്ക് നീക്കിയിട്ടപ്പോൾ കാറ്റ് അകത്തേക്ക് വലിഞ്ഞു കയറി.
“സാർ, ഫ്ലാറ്റ് ഇഷ്ടപ്പെട്ടോ.”? അവൾ സെറ്റിയിൽ ഇരിക്കുന്ന വാഹിദിനോട് ചോദിച്ചു.
“ഇതിന്റെ ഒന്നും ആവശ്യം ഇല്ല ല്ലോ. ഇതിപ്പോ ന്തിനാ എനിക്കായൊരു ഫ്ലാറ്റ്.”
“പിന്നല്ലാതെ. ഇതിപ്പോ ഹോട്ടലിൽ എന്തിനാ വെറുതെ ക്യാഷ് കൊണ്ടുപോയി കളയുന്നെ. ഇതിപ്പോ സാറിന് സ്വന്തമായൊരു വീട് ആയില്ലേ.” അവൾ ജാലകത്തിന്റെ ഗ്ലാസ് നേരെയിട്ടു കൊണ്ട് പറഞ്ഞു. വാഹിദ് മറുപടി നൽകിയില്ല.
“നൂർജഹാൻ എവിടാ താമസം.? ഞാൻ കരുതി എന്റെ സമ്മതം ഇല്ലാതെ തന്നെ നിങ്ങളെ വീട്ടിലേക്ക് കൊണ്ട് പോകുവാന്ന്.” വാഹിദ് സംശയം പ്രകടിപ്പിച്ചു.
“അതിന് തന്നാ കൊണ്ട് വന്നേ. അതിന് മുമ്പ് ഫ്ലാറ്റ് കാണിക്കാം ന്ന് വച്ചു. നല്ല അസ്സൽ 2 ബെഡ്‌റൂം ഹാൾ ഫ്ലാറ്റ് ആണ്. സാറിന് ഓടിച്ചാടി ഉറങ്ങാം.” അവൾ ചിരിച്ചു. അവൻ പുഞ്ചിരിച്ചതേയുള്ളൂ. നൂറ അയാളുടെ അടുത്ത് വന്നിരുന്നു, അൽപ്പം മാറി അയാളെ സ്പർശിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.
“സാർ ഓർമ്മകളിൽ നിന്ന് ഒന്ന് തിരികെ വായോ. സാറിനെ മാര്യേജ്ന് ഞാൻ കണ്ടതല്ലേ. എന്തൊരു സ്പെഷ്യൽ ആയിരുന്നു സാറിന്റെ കാരക്ടർ. ഇതിപ്പോ ആകെ ചടഞ്ഞു ചത്തു തൂങ്ങിയത് പോലെ. സാറിന് ഒട്ടും മാച്ച് ആവുന്നില്ല. എനിക്ക് മിണ്ടാനും പേടിയാവുന്നു.” അവൾ സങ്കടത്തോടെ പതുക്കെ പറഞ്ഞു.
