വാഹിദിന് അവളോട് പെട്ടന്നൊരു സ്നേഹം തോന്നി. എത്ര ജനുവിൻ ആയ പെണ്ണാണ്. ഒന്നും ഉള്ളിൽ ഒതുക്കി നിർത്തി പുറമേ അഭിനയിക്കുന്നില്ല. അവന് ശാരികയെ ഓർമ്മ വന്നു. ഇതേ പോലെ തന്നെ ആയിരുന്നു അവളും. കാണാനും ഏതാണ്ട് ഒരേ പ്രതിബിംബം. ചെറിയ കുറച്ചു വ്യത്യാസമേയുള്ളൂ. ആ താടിയിലെ മദ്യഭാഗത്തുള്ള ചാലും, കവിളിലേ ഇത്രത്തോളം ചുവന്നു തിളങ്ങി തുടുത്തു നിൽക്കുന്ന മാംസവും ഇല്ലെങ്കിൽ ശാരികയുടെ അനിയത്തിയോ കസിനോ ആണെന്ന് തോന്നും.
“എനിക്ക് നിങ്ങളോടൊക്കെ സജീവമായി ഇടപഴകാനും മിണ്ടാനും ഒക്കെ തോന്നുന്നുണ്ട് ബട്ട് കഴിയുന്നില്ല. ഉള്ളിൽ ഓരോ കാഴ്ച്ചകൾ മായാതെ നിൽക്കുന്നു.” അവൻ വ്യസനത്തോടെ പറഞ്ഞു.
“എനിക്ക് മനസ്സിലാകും. പക്ഷെ ഇതിപ്പോ ഏതാണ്ട് ആറു മാസം കഴിഞ്ഞില്ലേ സാർ. നമ്മെ തകർക്കുന്ന എല്ലാ നഷ്ടങ്ങളിൽ നിന്നും നമ്മൾ വിട്ട് പോരണം.അല്ലെങ്കിൽ ബിസിനസ്സ് നഷ്ടമല്ലേ. സാറിന്റെയൊക്കെ അവസ്ഥ ഇങ്ങനെ കഷ്ടമായിപ്പോകുക എന്ന് വച്ചാൽ അതൊക്കെ എന്ത് വലിയ നഷ്ടങ്ങളാണ്. ഇക്ക പറഞ്ഞത് എപ്പോഴും സാറിന്റെ കൂടെ തന്നെ നിൽക്കാനാ. സാറിന് എന്നെ ഇഷ്ടപ്പെടുവോ ഇല്ലയോ ന്ന് കൂടി പേടിയാവുന്നു എനിക്ക്. ന്തിനാ ഇത്രേം ഗൗരവം.” അവൾ വാചാലയായി സംസാരിച്ചു.
“എന്റെ ഒപ്പമോ.. എന്തിന്.. ഹേയ് അതിന്റെ ആവശ്യം ഒന്നൂല്ല. ഞാൻ ഓകെയാണല്ലോ.” അവൻ അവളെ നിരുത്സാഹപ്പെടുത്തി.
“ഞാൻ വേണ്ടെങ്കിൽ വേണ്ട. വേറെ ആരെയെങ്കിലും സെക്രട്ടറിയായി വേണേൽ അറേഞ്ച് ചെയ്യാം. ഈ ഒറ്റപ്പെടൽ ഏതായാലും ശരിയാവില്ല.” അവൾ പോകാൻ വേണ്ടി എഴുന്നേറ്റ് അയാളെ നോക്കി നിന്നു. അവന് കാര്യം മനസ്സിലായി. കൂടെ ചെല്ലാനാണ്. അവൻ അവളെ നിരാശപ്പെടുത്തണ്ട എന്ന് കരുതി എഴുന്നേറ്റ് അവൾക്കൊപ്പം നടന്ന് പുറത്തേക്കിറങ്ങി.
