അവൾ വാതിൽ അടച്ചിട്ട് ഒരു കീ തന്റെ കൈയിൽ വച്ച് ബാക്കി താക്കോൽ കൂട്ടം അവന്റെ കൈയിൽ കൊടുത്തു.
“ഒരെണ്ണം എന്റെ കൈയിൽ നിന്നോട്ടെ. വല്ല കടുംകൈയും കാണിച്ചാൽ വാതിൽ കുത്തിപ്പൊളിക്കണ്ടല്ലോ.” അവൾ അൽപ്പം ഉറക്കെ ചിരിച്ചു. ഇടനാഴിയിലൂടെ ആ മണി കിലുങ്ങുന്നത് പോലെയുള്ള ചിരി അലയടിച്ച് ഒഴുകിപ്പോയി.
“നൂർജഹാൻ ന്താ ഇതുവരെ കല്യാണം കഴിക്കാഞ്ഞത്.” വാഹിദ് പെട്ടന്ന് അത് ചോദിച്ചപ്പോൾ അവൾ അവനെ ഒന്ന് നോക്കി.
“ആന്താ സാർ വേഗം കല്യാണക്കാര്യം ചോദിച്ചേ. ഞാൻ സാറിനെ വായിനോക്കുന്നതായി തോന്നിയത് കൊണ്ടാ ല്ലേ.” അവൾ നിരാശയോടെ ചോദിച്ചു. അവനോട് സംസാരിക്കാൻ അൽപ്പം ലാഘവത്വം അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു.
“ഹേയ്.. ഒരിക്കലും ഇല്ല. ആണുങ്ങൾ ടച്ച് ചെയ്യാതിരിക്കാൻ പോലും ശ്രദ്ധിക്കുന്ന ഒരാളെ കുറിച്ച് ഞാൻ അങ്ങനെ ചിന്തിക്കുമോ.” അവൻ അവളോട് പുഞ്ചിരിയോടെ ചോദിച്ചു.
“എന്ന് കരുതി ഇത്രേം ഭംഗീള്ള ഒരാളെ വായിനോക്കാൻ പാടില്ല എന്നുണ്ടോ.”? അവൾക്ക് വാഹിദിനെ ഒന്ന് ശല്യം ചെയ്യാം എന്നൊരു തോന്നലുണ്ടായി അൽപ്പം കുസൃതിയോടെ ചോദിച്ചു.
“ഓഹ്.. വല്യ കോംപ്ലിമെന്റ് ആണല്ലോ.. താങ്ക്യൂ..”
അവന്റെ ചുണ്ടിൽ ഒളിഞ്ഞു നിൽക്കുന്ന ഒരു പുഞ്ചിരി അവൾ കണ്ടു. പടച്ചവനെ, എന്ത് ഭംഗിയാണ് ഈ കാട്ടാളന്റെ ഭാവവും കൊണ്ട് നടക്കുന്ന മനുഷ്യന്. അതോ ജിന്നോ…! താൻ പടച്ചവനെ മറന്ന് ഇന്നോളം ഒന്നും ചിന്തിച്ചിട്ടില്ല, ഒരുത്തനോടും അടുത്തിട്ടും ഇല്ല. പക്ഷെ തന്റെ വികാരങ്ങളിൽ എവിടെയോ ഒരു ഉണർവ്വ് സംഭവിക്കുന്നുണ്ടല്ലോ..
ആർക്കും ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല, ഓരോ മനുഷ്യരും അവരവരുടെ പ്രിയങ്ങളിലേക്ക് എത്തിച്ചേരുന്നതോടെ ശരികൾ മാത്രം ജനനം കൊള്ളുകയും തെറ്റ് വെറും പ്രഹേളിക മാത്രമായി മാറുകയും ചെയ്യന്നു. അവൾക്ക് ചെറുതായി കിതപ്പു തോന്നി. അവൻ തന്റെ മുഖം കാണാതിരിക്കാൻ നൂറ ലിഫ്റ്റിൽ മുഖം താഴ്ത്തി നിന്നു. ലിഫ്റ്റ് ഇറങ്ങി വേഗം കാറിൽ ചെന്ന് കയറി അവനെയും കൊണ്ട് തിരക്കുപിടിച്ച നിരത്തിലൂടെ അവളുടെ വീട്ടിലേക്ക് പോയി.
