ചുമയും കരച്ചിലും കൂടിക്കലർന്നു അസഹ്യമായ വീർപ്പുമുട്ടലോടെ അവളുടെ ഉടൽ കിടക്കയിൽ ചുരുണ്ടുകോടി. ആശ്രയതിനെന്ന പോലെ അവൾ വാഹിദിന് നേരെ കൈനീട്ടി. അവൻ അവളെ വാരിയെടുത്തു നെഞ്ചോട് ചേർത്ത് കഴുത്തിൽ മുഖം പൂഴ്ത്തി അവന്റെ തൊണ്ടയിൽ കുടുങ്ങിക്കിടന്ന കരച്ചിൽ ഒളിപ്പിച്ചു. അപ്പോഴാണ് അവളുടെ കഴുത്തിൽ തൊലിയുരിഞ്ഞ പോലെയുള്ള അനുഭവം അവന്റെ കഴുത്തിൽ അനുഭവപ്പെട്ടത്. എലിസബത്ത് അവനെ തളർന്ന കൈകൾ കൊണ്ട് കെട്ടിപ്പിടിച്ചു കവിളിലും നെറ്റിയിലും മാറിമാറി ഉമ്മവച്ചു. പിന്നെ തളർന്നത് പോലെ മുഖം അവന്റെ കഴുത്തിലേക്ക് താങ്ങി വച്ചു. തന്റെ ചുമലിൽ അവളുടെ കണ്ണുനീർ വീണു നനയുന്നത് വാഹിദ് അറിഞ്ഞു. അവൻ അവളെ കൂടുതൽ തന്നിലേക്ക് പുണർന്ന് കഴുത്തിൽ ഉമ്മ കൊടുത്തു.
എലിസബത്തിന്റെ കൈകൾ പതുക്കെ ബലം നഷ്ട്ടപ്പെട്ടു തളർന്ന് അവനെ ചുറ്റിപ്പിടിച്ചിരുന്ന പിടിവിട്ട് താഴേക്ക് കുഴഞ്ഞു വീണു. അവസാനമായൊരു ദീർഘശ്വാസമെടുത്തു കൊണ്ട് വാഹിദിന്റെ കഴുത്തിലേക്ക് ചുണ്ടുകൾ അമർത്തി വച്ചു തന്റെ ഒരേയൊരു പ്രണയത്തിലെ ഏകനായ രാജകുമാരന്റെ കരവലയത്തിൽ ഒതുങ്ങി, ആ മാറിന്റെ ചൂടിൽ ഒരു കുഞ്ഞു പൂമ്പാറ്റയെ പോലെ പറ്റിക്കിടന്ന്, സ്നേഹത്തിന്റെ മാലാഖയേ പോലെ യാതനകളുടെ മുറിപ്പാടുകൾ വികൃതമാക്കിയ ഈ ഭൂമിയിലെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ജീവൻ വെടിഞ്ഞ് അനന്തതയിലേക്ക് പറന്നകന്നു.
അദ്ധ്യായം 20
ഇൻഡസ്ട്രിയൽ ഏരിയയിലെ ആളൊഴിഞ്ഞ ഒരു വെയർഹൗസ്ന്റെ ഓഫീസിൽ ആൽബിയുടെ മുന്നിൽ നിസ്സഹായനായി വിൻസെന്റ് തളർന്നിരുന്നു. ആകാരണമായൊരു ഭയം അവനെ ഗ്രസിച്ചു. താൻ ഏത് നിമിഷവും പിടിക്കപ്പെടാം എന്നൊരു തോന്നൽ അവനെ ഭീരുവും ക്ഷീണിതനുമാക്കിയിരുന്നു. കൈകളിൽ മുഖം താങ്ങി മേശയിൽ കൈമുട്ടുകൾ ഊന്നി വിൻസെന്റ് കുറേനേരമായി ഒരക്ഷരം ഉരിയാടാതെ ഇരിക്കുകയാണ്
