ഫോണിലെ സിനിമ വെറുതെ ഓടിക്കൊണ്ടിരുന്നു. പക്ഷേ എന്റെ മനസ്സ് ആ സീറ്റിനടുത്തായിരുന്നു. ആ ‘വിൻഡോ സീറ്റ് തെണ്ടി’ ഇപ്പോൾ ഭാഗ്യവാനാണോ അതോ അവൾക്ക് അലോസരമാണോ എന്നായിരുന്നു എന്റെ അടുത്ത ചിന്ത. ഇടയ്ക്ക് ആ തുളസിക്കതിരിന്റെയും ചന്ദനത്തിന്റെയും മണം വായുവിലൂടെ എന്റെ അടുത്തേക്ക് എത്തുന്നുണ്ടോ എന്ന് പോലും ഞാൻ സംശയിച്ചു.
റാക്കിന്റെ മുകളിലെ ആ അസ്വസ്ഥമായ ഇരിപ്പ് ഇപ്പോൾ എനിക്ക് ഒരു സിംഹാസനത്തിൽ ഇരിക്കുന്ന സുഖമാണ് തരുന്നത്.. എന്റെ ലോകം ഇപ്പോൾ ആ ചുവന്ന സാരിക്കാരിയിൽ ഒതുങ്ങിയിരിക്കുന്നു.
ഫോൺ കയ്യിലുണ്ടെങ്കിലും അതിലെ സിനിമ വെറുമൊരു മറ മാത്രമായിരുന്നു. എന്റെ കണ്ണുകൾ ആ ചുവന്ന സാരിക്കാരിയുടെ ഓരോ ചലനങ്ങളിലുമായിരുന്നു. ഇടയ്ക്ക് ഫോണിലേക്ക് നോക്കുന്നതായി അഭിനയിക്കും, അടുത്ത നിമിഷം കണ്ണിന്റെ കോണിലൂടെ താഴേക്ക് ഒരു നോട്ടം.
സത്യം പറഞ്ഞാൽ അവൾ അതൊക്കെ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഞാൻ നോക്കുമ്പോൾ അവൾ പെട്ടെന്ന് മുഖം തിരിക്കും, അപ്പോൾ നല്ല ഒന്നാന്തരം ഗൗരവം. പക്ഷേ തൊട്ടടുത്ത നിമിഷം ആ ചുണ്ടിന്റെ കോണിൽ ഒരു ചെറിയ വിറയൽ കാണാം—അതൊരു പുഞ്ചിരിയാണോ അതോ എന്റെ ഈ ‘കുരങ്ങൻ കളി’ കണ്ടിട്ടുള്ള പുച്ഛമാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല.
ചന്ദനക്കുറിയും തുളസിക്കതിരും വെച്ച ആ മുഖത്ത് ഗൗരവം വരുമ്പോൾ അവൾക്ക് ഒരു പ്രത്യേക ഗരിമയാണ്. സാരിത്തുമ്പ് ഒന്ന് ഒതുക്കി ഇടുമ്പോഴും, ആ പാദസരമിട്ട കാലുകൾ ഒന്ന് മാറ്റി വെക്കുമ്പോഴും അവൾ എന്നെ ഒന്ന് നോക്കുന്നുണ്ട്. ആ നോട്ടത്തിൽ ഒരു തരം ‘പിടിക്കപ്പെട്ടവന്റെ’ ചമ്മൽ എനിക്കുണ്ടെങ്കിലും, ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.

superb one
Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.
love it..