ചായ കുടിച്ച ശേഷം മിസ്സ് തേങ്ങയെടുത്തു. ഉടനെ ഞാൻ ചെന്ന് അതിനെ വാങ്ങിച്ചുപിടിച്ചു.
“ഞാൻ ചിരകാം ഗോള്‍ഡ ചേച്ചി. കുറുമയും ഞാൻ തന്നെ വയ്ക്കാം.” അതും പറഞ്ഞ് ഞാൻ തേങ്ങ പൊട്ടിച്ച് വേഗത്തിൽ ചിരകാൻ തുടങ്ങി. മിസ്സ് എന്നെ തുറിച്ചുനോക്കിയപ്പോ നിത്യ ടീച്ചർ തമാശ കണ്ടത് പോലെ ചിരിച്ചു.
തേങ്ങ ചിരകി കഴിഞ്ഞിട്ട്, ഞാൻ സ്പെഷ്യലായി ഉണ്ടാക്കാറുള്ള കുറുമയ്ക്ക് വേണ്ട മസാല പൊടികളും മറ്റ് സാധനങ്ങളും എടുത്ത് തേങ്ങയ്ക്കൊപ്പം ചേര്‍ത്ത് മിക്സി ജാറിലിട്ട് അരച്ചെടുത്തു. ശേഷം സവാള തക്കാളി പച്ചമുളകൊക്കെ എടുത്ത് കട്ട് ചെയ്തു വച്ചു. മിസ്സ് ഇടക്കിടക്ക് ഇടക്കണ്ണിട്ട് ഒരു കുഞ്ഞ് പുഞ്ചിരിയോടെ എന്നെയും ഞാൻ ചെയ്യുന്നതുമൊക്കെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ മിസ്സിന്റെ നേര്‍ക്ക് നോക്കുമ്പോ ആ പുഞ്ചിരി മാഞ്ഞ് മിസ്സിന്റെ ജോലിയില്‍ ശ്രദ്ധിച്ചു.
“എന്റെ ജിനു കുട്ടാ, നിന്റെ സ്പെഷ്യൽ കുറുമ കഴിച്ചിട്ട് എത്ര നാളായി, ഇന്ന് പൊളിക്കും.” ടീച്ചര്‍ ഉത്സാഹത്തോടെ പറഞ്ഞു. എന്നെ നോക്കുമ്പോഴൊക്കെ ടീച്ചറിന്റെ മുഖത്ത് ഇപ്പോഴും ഭയങ്കര നാണം ഉണ്ടായിരുന്നു.
ഒടുവില്‍ വേണ്ടതൊക്കെ റെഡിയാക്കി വച്ചിട്ട് ഞാൻ കുറുമ ഉണ്ടാക്കാൻ തുടങ്ങി. ടീച്ചറും മിസ്സും ചേര്‍ന്ന് ചപ്പാത്തിയുണ്ടാക്കി.
ഒടുവില്‍ ചപ്പാത്തി ചുട്ടു കഴിഞ്ഞതും നിത്യ ടീച്ചർ എന്നെ നോക്കി പുഞ്ചിരിച്ചു. “ശെരി, ഞാൻ പോയി കുളിച്ചിട്ട് വരാം.”
ഞാൻ തലയാട്ടി.
ടീച്ചർ എന്നെയും മിസ്സിനേയും ഒന്ന് മാറിമാറി നോക്കിയിട്ട് കുളിക്കാന്‍ പോയി. പക്ഷേ മിസ്സ് അവിടേതന്നെ എന്റെ മുഖത്ത് നോക്കാതെ ഞാൻ ചെയ്യുന്നത് മാത്രം നോക്കി നിന്നു.
