“ഓക്കെ, നമുക്ക് കഴിക്കാനിരിക്കാം.” ഗോൾഡ മിസ്സ് എന്റെ കൈ പിടിച്ചു വലിച്ച് എന്റെ തോളത്ത് പിടിച്ച് താഴ്ത്തി ഒരു കസേരയില്‍ ഇരുത്തി. എന്നിട്ട് ഗോള്‍ഡ മിസ്സ് എന്റെ ഇടത് വശത്തും നിത്യ ടീച്ചർ എന്റെ വലത് വശത്തുമായി ഇരുന്നു.
ഞാൻ നടുക്ക് ഇരിക്കുന്നത് കൊണ്ട് ഹോട്ട് ബോക്സ് തുറന്ന് ഞാൻ തന്നെ മൂന്ന് പ്ലേറ്റുകളിലും പത്തിരി എടുത്ത് വച്ചിട്ട് ചിക്കൻ റോസ്റ്റും വിളമ്പി.
“ഹോ എന്റെ മിസ്സേ—”
“ചേച്ചി.” മിസ്സ് തിരുത്തി.
“എന്റെ ചേച്ചി ഈ റോസ്റ്റ് കണ്ടിട്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.” രണ്ട് കൈയും വേഗത്തിൽ തിരുമ്മി എന്റെ പ്ലേറ്റിൽ നോക്കി കൊതിയോടെ ഞാൻ പറഞ്ഞതും അവർ രണ്ടുപേരും ചിരിച്ചു.
“അതിന് ഞാനല്ലല്ലോ ഈ റോസ്റ്റ് ഉണ്ടാക്കിയേ, നിത്യയ ഉണ്ടാക്കിയത്.” ഗോള്‍ഡ മിസ്സ് കുസൃതി ചിരിയോടെ പറഞ്ഞു.
“ഒന്ന് പോ നുണച്ചി മിസ്സേ, ഇത് ഉണ്ടാക്കിയത് മിസ്സ് തന്നെയാ.” ഞാൻ തറപ്പിച്ച് പറഞ്ഞു.
“ഓഹോ, അതെങ്ങനെ നിനക്കറിയാം?” നിത്യ ടീച്ചർ അല്‍പ്പം കൗതുകത്തോടെ ചോദിച്ചു.
“നിത്യാ ടീച്ചർ—”
“ചേച്ചി.” നിത്യ ടീച്ചറും എന്നെ തിരുത്തി.
“ഓക്കെ, നിത്യ ചേച്ചി ഇതുപോലെ മുഴുവന്‍ കുരുമുളകും ഇടാറില്ല, പൊടിച്ച് മാത്രമേ ടീ— ചേച്ചി ഇടു.” പറഞ്ഞിട്ട് ഞാൻ കൊതിയോടെ പത്തിരി പിച്ച് കുറച്ച് റോസ്റ്റ് അതിൽ പൊതിഞ്ഞെടുത്ത് വായിലിട്ടു. എന്നിട്ട് കണ്ണുകളടച്ച് പിടിച്ചിട്ട് ആരെയും കൊതിപ്പിക്കുന്ന തരത്തിൽ ചെറിയ ശബ്ദങ്ങളോടെ ഞാൻ ആസ്വദിച്ച് ചവച്ചു.
