“എന്റെ നിത്യേച്ചിയെ എനിക്കും വേണം.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. അതുകേട്ട് ടീച്ചർ സന്തോഷത്തോടെ ചിരിച്ചു.
അന്നേരം ടീച്ചറിന്റെ മൊബൈലില്‍ ഒരു കോൾ വന്നു. ടീച്ചറിന്റെ മൊബൈല്‍ എന്റെ കൈയിലായിരുന്നു.
“ആരാ കുട്ടാ?”
“ഗോൾഡ മിസ്സാണ് ചേച്ചി.”
“എന്ന എടുക്ക്.”
“വേണ്ട ചേച്ചി, മിസ്സ് എന്നോട് സംസാരിക്കില്ല. ചേച്ചി തന്നെ സംസാരിക്ക്.” ഞാൻ സങ്കടപ്പെട്ട് പറഞ്ഞു.
അപ്പോ ടീച്ചർ വണ്ടി നിര്‍ത്തി എന്നോട് ഓടിക്കാന്‍ പറഞ്ഞിട്ട് പുറകില്‍ കേറി മിസ്സിന്റെ കോൾ എടുത്ത് സംസാരിച്ചു.
ഞാൻ മാര്‍ക്കറ്റിൽ കൊണ്ട് നിർത്തിയപ്പോ ടീച്ചർ കോൾ അവസാനിപ്പിച്ചു.
ഞങ്ങൾ ഒരു വലിയ ചൂര മീനും വേറെ കുറച്ച് സാധനങ്ങളും വാങ്ങിച്ചു കൊണ്ട് വീട്ടിലേക്ക് തിരിച്ചു. എന്നെത്തന്നെ ഓടിക്കാന്‍ പറഞ്ഞത് കൊണ്ട് ഞാനാണ് വണ്ടി ഓടിച്ചത്.
“ചേച്ചിയോട് മിസ്സ് എന്താ പറ—”
“എന്റെ പൊന്ന് കുട്ടാ, ഈ മിസ്സെന്ന വിളി അവസാനിപ്പിച്ച് ഗോള്‍ഡ ചേച്ചിയെ ചേച്ചിയെന്ന് വിളിക്ക്.” ടീച്ചർ അല്‍പ്പം കടുപ്പിച്ച് പറഞ്ഞു.
“ഓക്കെ ഓക്കെ, ദേഷ്യപ്പെടല്ലെ ചേച്ചി. ഇനി ഞാൻ ഗോൾഡ ചേച്ചിയെ മിസ്സ് എന്ന് വിളിക്കില്ല.” ഞാൻ ധൃതിയില്‍ പറഞ്ഞു.
“എന്നെയും ഇനി ഒരിക്കലും ടീച്ചറെന്ന് വിളിക്കരുത്.” ടീച്ചർ ആജ്ഞാപിച്ചു.
“ഓക്കെ ചേച്ചി, അതും സമ്മതിച്ചു. ഇനി നിത്യേച്ചി പറ, ഗോൾഡ ചേച്ചി എന്തിനാ വിളിച്ചത്?”
“അര മണിക്കൂര്‍ ലേറ്റായി ഒരു മണിക്ക് വീട്ടില്‍ എത്തുമെന്ന് പറയാനാ വിളിച്ചത്. പക്ഷേ ലേറ്റായി വരുന്ന കാര്യം വേഗം പറഞ്ഞിട്ട് ബാക്കി ചോദിച്ചത് മുഴുവനും നിന്നെ കുറിച്ചാണ്.” നിത്യ ടീച്ചർ ചിരിച്ചു.
