“ജിനു കുട്ടാ,”
“എന്താ നിത്യേച്ചി.”
“നിനക്ക് മീന്‍ കറിയും ഫ്രൈയും കൂടാതെ നമ്മുടെ ഉച്ചക്കുള്ള മെനുവിൽ എന്തൊക്കെയ വേണ്ടത്?” ടീച്ചർ ചോദിച്ചു.
ഞാൻ ഇവിടെ ഉണ്ടെങ്കിൽ ടീച്ചറും മിസ്സും എനിക്ക് വേണ്ടതൊക്കെ എന്നോട് ചോദിച്ചിട്ട് അതൊക്കെ ഉണ്ടാക്കുന്നതാണ് അവരുടെ ശീലം. കാരണം, എന്റെ തിരക്ക് കാരണം എന്റെ വീട്ടില്‍ എനിക്ക് ഒരുപാട് ഫുഡ് ഐറ്റംസ് ഉണ്ടാക്കാനുള്ള സമയമൊന്നും കിട്ടാറില്ല, ഞാൻ എന്തെങ്കിലും സിമ്പിളായി ഉണ്ടാക്കിയാണ് കഴിക്കുന്നത്. അതിൽ ഇവര്‍ക്ക് എപ്പോഴും ഭയങ്കര വിഷമമാണ്. അതുകൊണ്ടാണ്, വർഷങ്ങൾക്ക് മുമ്പ് തൊട്ടെ, ഞാൻ ഇങ്ങോട്ട് വരുമ്പോഴൊക്കെ മിസ്സും ടീച്ചറും എന്നെ നിര്‍ബന്ധിച്ച് എനിക്ക് ഇഷ്ടമുള്ളതൊക്കെ പറയിപ്പിച്ച് അതൊക്കെ ഉണ്ടാക്കി തരാൻ തുടങ്ങിയിരുന്നു.
“പറ കുട്ടാ, എന്തൊക്കെയാ വേണ്ടേ?”
“എനിക്ക് കാബേജ് തോരൻ വേണം. പിന്നെ നിത്യേച്ചി ഉണ്ടാക്കാറുള്ള ആ പാവക്ക കൂട്ട് ഓര്‍മ്മയുണ്ടോ… ഫ്രൈ ചെയ്ത് മസാലയും തൈരും മിക്സ് ചെയ്ത് ഉണ്ടാക്കുന്ന ആ പാവക്ക കൂട്ട്…. എനിക്ക് അതും വേണം. പിന്നെ വഴുതനങ്ങ തീയലും വേണം.” ഞാൻ കൊതിയോടെ പറഞ്ഞു. അത്രയും പറയുമ്പോ തന്നെ എന്റെ വായിൽ വെള്ളമൂറി നിറഞ്ഞു.
എന്തുകൊണ്ടോ ടീച്ചർക്ക് പെട്ടന്ന് സങ്കടം വന്നു. ടീച്ചർ വന്ന് എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് എന്നെ തന്നെ അല്‍പ്പനേരം നോക്കിനിന്നു. ടീച്ചർ ഉമ്മ തന്ന കവിളിൽ പുഞ്ചിരിച്ചുകൊണ്ട് ഞാൻ തടവി.
“ശെരി കിട്ടാ, അതെല്ലാം നമുക്ക് ഉണ്ടാക്കാം. പിന്നെ വേറേയും എന്തെങ്കിലും വേണേൽ എന്റെ കുട്ടൻ അതുംകൂടി പറഞ്ഞോ.” ടീച്ചർ സ്നേഹത്തോടെ പറഞ്ഞു.
