വിടര്‍ന്ന കണ്ണുകളോടെ ഗോള്‍ഡ മിസ്സ് എന്തോ പറയാൻ തുടങ്ങിയെങ്കിലും പെട്ടന്ന് വായ ഇറുക്കിയടച്ചു.
“വാ നിത്യേ, ഞാൻ മീന്‍ കറി ഉണ്ടാക്കാം. നീ പാവക്ക കൂട്ട് ഉണ്ടാക്കിയേക്ക്.” അതും പറഞ്ഞ് തേങ്ങ കൂട്ടിയിട്ടിരുന്ന സ്ഥലത്തേക്ക് മിസ്സ് പോയി.
“സാരമില്ല കുട്ടാ, ചേച്ചിയുടെ ആ പിണക്കം ഉടനെ മാറിക്കോളും. പക്ഷേ നിന്നെ കാണാന്‍ ചേച്ചി ഇങ്ങോട്ട് വിരണ്ടു വന്നത് നീ കണ്ടില്ലേ..! ആ നോട്ടവും സ്നേഹവുമൊക്കെ നീയും കണ്ടതല്ലേ…, നിനക്ക് ഇഷ്ടപ്പെട്ട ചേച്ചിയുടെ ആ മീന്‍ കറി സ്വയം ഉണ്ടാക്കിക്കോളാമെന്ന് പറഞ്ഞതും കേട്ടില്ലേ..! നിന്നോട് ദേഷ്യം ഉണ്ടായിരുന്നെങ്കിൽ ചേച്ചി ഇങ്ങനെയൊന്നും ആവില്ല, അതുകൊണ്ട് നീ സമാധാനിക്ക്.” നിത്യ ടീച്ചർ നന്നായി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞിട്ട് വെള്ളത്തിൽ ഇട്ടിരുന്ന പാവക്ക എടുക്കാൻ പോയി.
അന്നേരം മിസ്സ് തേങ്ങ എടുത്തുകൊണ്ട് പൊട്ടിക്കാൻ റെഡിയായി. അപ്പൊ ഞാൻ പെട്ടന്ന് ചെന്ന് രാവിലെ ചെയ്തത് പോലെ തന്നെ മിസ്സിന്റെ കൈയിൽ നിന്നും തേങ്ങ തട്ടിപ്പറിച്ചു. ഉടനെ മിസ്സ് ഒന്നും മിണ്ടാതെ മുഖം ചുളിച്ചു.
“ഞാൻ ചിരകാം, ഗോള്‍ഡേച്ചി മസാലയൊക്കെ എടുത്ത് വച്ചിട്ട് ബാക്കി ജോലി നോക്കിക്കേ, ഞാൻ ഈ തേങ്ങയും മസാലയും വറുത്ത് അരച്ച് തരാം.” അത്രയും പറഞ്ഞിട്ട് ഞാൻ തേങ്ങ പൊട്ടിച്ച് ചിരകാൻ തുടങ്ങി.
മിസ്സ് എന്നെ കുറച്ചുനേരം നോക്കി നിന്ന ശേഷം ചെന്ന് മസാലയും മറ്റും എടുത്ത് ഒരു ബൗളിൽ വച്ചിട്ട് കൊച്ചുള്ളി എടുത്ത് തോല് പൊളിച്ചു.
