ഞാൻ വേഗം തേങ്ങ ചിരകി, ശേഷം മിസ്സ് എടുത്ത് വെച്ചിരുന്ന മസാല പൊടികളും മറ്റും ചേര്‍ത്തു വറുത്ത് മിക്സി ജാറിലിട്ട് അരച്ചെടുത്ത് വച്ചു. മിസ്സ് പിന്നെ ബാക്കി ജോലികള്‍ ചെയ്തു. അതുകഴിഞ്ഞ് ഞാൻ ചെന്ന് നിത്യ ടീച്ചറെയും സഹായിച്ചു.
ഗോള്‍ഡ മിസ്സ് ഇടക്കിടക്ക് രഹസ്യമായി എന്നെ നോക്കി പുഞ്ചിരിക്കുന്നതും ഞാൻ ചെയ്യുന്നതൊക്കെ ശ്രദ്ധയോടെ നോക്കുന്നതും എല്ലാം ഞാനും രഹസ്യമായി ശ്രദ്ധിക്കുക തന്നെ ചെയ്തുകൊണ്ടിരുന്നു.
“ഗോള്‍ഡേച്ചി….” ഞാൻ മിസ്സിനെ വിളിച്ചു.
പക്ഷേ മിസ് മൈന്റ് ചെയ്തില്ല. എന്നാൽ നിത്യ ടീച്ചർ എന്നെ നോക്കി.
“എനിക്കിപ്പോ വേദനയൊക്കൈ ഏകദേശം മാറി. ഇപ്പൊ വലിയ പ്രശ്നമില്ല. യാത്ര ചെയ്യാനും വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. അതുകൊണ്ട് ഇന്ന് വൈകുന്നേരം ഞാൻ പോ—”
“ഇന്നു നീ എങ്ങോട്ടും പോണില്ല,” പെട്ടന്ന് മിസ്സ് ഭയങ്കര ദേഷ്യത്തില്‍ ഉറക്കെ പറഞ്ഞിട്ട് അതേ ദേഷ്യത്തില്‍ എന്റെ നേര്‍ക്ക് തിരിഞ്ഞ് രണ്ട് ഇടുപ്പിലും കൈകൾ ഊന്നി എന്നെ ദഹിപ്പിക്കുന്ന പോലെ നോക്കിക്കൊണ്ട് തുടർന്നു, “നിന്റെ ആ വീഴ്ച കണ്ടപ്പോ നിന്റെ എല്ല് പൊട്ടിയിട്ടുണ്ടാവുമെന്ന ഭയന്നത്. അത്രയ്ക്ക് ഭയാനകമായിരുന്നു നിന്റെ ആ വീഴ്ച. എനിക്ക് നിന്നെപ്പോലെ വൈദ്യ ശാസ്ത്രമൊന്നും അറിയില്ല, പക്ഷേ നിന്റെ ആ വേദന ഒറ്റ ദിവസത്തിലൊന്നും തീരില്ലെന്ന് മാത്രം എനിക്കറിയാം. ഇപ്പൊ വേദന മാറിയ പോലെ തോന്നും പക്ഷേ നീണ്ട യാത്ര പോകുമ്പോ വേദന പിന്നെയും തുടങ്ങും. അതുകൊണ്ട് ഇന്ന് നീ എങ്ങും പോവില്ല. നാളെയും പോവില്ല. ഞായറാഴ്ച കഴിയട്ടെ അപ്പൊ നമുക്ക് നോക്കാം.” മിസ്സ് ഭയങ്കര ദേഷ്യത്തില്‍ പറഞ്ഞ് അവസാനിപ്പിച്ചു.
