പക്ഷേ ഞാൻ ടീച്ചറെ നോക്കാതെ മിസ്സിനോട് പറഞ്ഞു, “ഞാൻ എന്റെ ആ യാത്രക്ക് പോകുന്നില്ല, പക്ഷേ ഞാൻ ഇവിടെ നില്‍ക്കുന്നില്ല മിസ്സ്, എന്റെ വീട്ടില്‍ പോയി ഞാൻ റസ്റ്റ് എടുത്തോളാം, മിസ്സ്.” നല്ല സങ്കടത്തിൽ പറഞ്ഞിട്ട് പോകാനായി ഞാൻ തിരിഞ്ഞു.
പക്ഷേ മിസ്സ് പാഞ്ഞു വന്ന് എന്റെ ടീ ഷര്‍ട്ടിൽ വലിച്ച് എന്നെ പിടിച്ചു നിര്‍ത്തി. എന്നിട്ട് ഭയങ്കര ദേഷ്യത്തില്‍ എന്റെ കൈയിലും, മുഖത്തും, തോളിലും, വയറിലുമൊക്കെ നന്നായി നുള്ളി നുള്ളി പിച്ചെടുക്കാൻ തുടങ്ങി.
“എന്നെ… മിസ്സെന്ന്… വിളിക്കണ്ടന്ന്…. എത്ര… പ്രാവശ്യമ… നിന്നോട്… പറഞ്ഞിട്ടുള്ളത്….,” ഓരോ വാക്കും നിര്‍ത്തി നിര്‍ത്തി പറയുന്നതിനിടയിൽ, ഓരോ വാക്കിനും കുറഞ്ഞത് നാലഞ്ച് പ്രാവശ്യമെങ്കിലും മിസ്സ് എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി എങ്ങനെയോ നുള്ളുന്നുണ്ടായിരുന്നു.
“അയ്യോ….. വേദനിക്കുന്നേ….. എന്നെ നുള്ളി കൊല്ലുന്നേ….!!!” വിളിച്ചു കൂവി കൊണ്ട് ഞാൻ മിസ്സിന്റെ പിടിയില്‍ നിന്നും നുള്ളിൽ നിന്നുമൊക്കെ രക്ഷപ്പെട്ട് ഓടാൻ നോക്കി. പക്ഷേ മിസ്സ് എന്റെ ടീ ഷര്‍ട്ടിൽ മുറുകെ പിടിച്ച് എന്നെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് വെട്ടിച്ച് എന്റെ ബാലൻസ് തെറ്റിച്ച് എന്നെ നേരെ നിൽക്കാൻ പറ്റാത്ത വിധത്തിൽ ഉലച്ചുകൊണ്ടാണ് എന്നെ നുള്ളി കൊണ്ടിരുന്നത്.
ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തവും കുന്തവുമില്ലാതെ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാനും കഴിയാതെ ചുഴലിക്കാറ്റിൽ പെട്ടുപോയ വഞ്ചി പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉലഞ്ഞു. മിസ്സിന്റെ നുള്ള് തുടർന്നപ്പോ രക്ഷപ്പെടാൻ കഴിയാതെ ഞാൻ മിസ്സിനെ ചുറ്റി വട്ടത്തിൽ കറങ്ങി ഓടിക്കൊണ്ടിരുന്നു. പക്ഷേ മിസ്സ് വളരെ സിമ്പിളായി എന്റെ ടീ ഷര്‍ട്ടിൽ പിടി മുറുക്കി എന്നെ അങ്ങോട്ടുമിങ്ങോട്ടും ഉലച്ചു കൊണ്ട്, എന്റെ ഓട്ടത്തിനനുസരിച്ച് സിമ്പിളായി നിന്ന് തിരിഞ്ഞുകൊണ്ട് എന്നെ നുള്ളിക്കൊണ്ടിരുന്നു.
