“അത് സാരമില്ല നിത്യ ചേച്ചി.” ഞാൻ ടീച്ചറെ ആശ്വസിപ്പിച്ചു.
“ആ ചേട്ടൻ ആ ചേച്ചിയെ പിടിച്ചത് നന്നായി, അല്ലേൽ ആ ചേച്ചി സ്റ്റെപ്പിൽ തലയിടിച്ച് സീരിയസ്സാവുമായിരുന്നു.” ഏതോ ഒരു പയ്യൻ പറയുന്നത് കേട്ടു. അത് ശെരിവയ്ക്കും പോലെ ആളുകൾ എന്തൊക്കെയോ പറഞ്ഞു.
അന്നേരം ആരോ ഒരു കുപ്പി വെള്ളം എന്റെ കൈയിൽ തന്നു. ഞാൻ കുറച്ച് കുടിച്ചിട്ട് മെല്ലെ എഴുനേറ്റ് നിന്നു.
അതോടെ ചിലരൊക്കെ എന്റെ തോളില്‍ തടിയിട്ട് പോയി.
“കണ്ണാ..!!” ഗോള്‍ഡ മിസ്സ് വന്ന് എന്റെ രണ്ട് കൈയും വിഷമത്തോടെ പിടിച്ചു. കണ്ണില്‍ നല്ല പേടിയും ഉണ്ടായിരുന്നു. കരഞ്ഞത് കൊണ്ട് കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. “നിത്യേ, നീ ജിനുവിന്റെ ടീ ഷര്‍ട്ട് പൊക്കി എവിടെയെങ്കിലും മുറിഞ്ഞിട്ടുണ്ടോന്ന് നോക്ക്.”
“എനിക്ക് ഒന്നുമില്ല ചേച്ചി. ഞാൻ ഓക്കെയാണ്.” ഞാൻ പറഞ്ഞെങ്കിലും ആരും കേട്ടില്ല.
നിത്യ ടീച്ചറും ഒരു സെക്യൂരിറ്റി ചേട്ടനും അവിടത്തെ ഒരു നടത്തിപ്പ് കാരനും എന്റെ ടീ ഷര്‍ട്ട് പൊക്കി വിശദമായി പരിശോധിക്കാൻ തുടങ്ങി. ഞാൻ അനങ്ങാതെ നിന്നു കൊടുത്തു. പരിശോധിച്ചില്ലെങ്കിൽ ഗോള്‍ഡ മിസ്സിനും നിത്യ ടീച്ചർക്കും സമാധാനം കിട്ടില്ലെന്നറിയാം.
“ബാക്ക് മുഴുവനും ചുവന്ന് കിടക്കുന്നു, പക്ഷേ എങ്ങും മുറിഞ്ഞിട്ടില്ല.” നിത്യ ടീച്ചർ ആശ്വാസത്തോടെ പറഞ്ഞു. മറ്റുള്ളവരും നല്ലപോലെ നോക്കി കുഴപ്പമില്ലെന്ന് പറഞ്ഞു.
“ശെരി, നമുക്ക് പോകാം.” ഞാൻ എന്റെ കൈ വിടുവിച്ച് കൊണ്ട് വേഗം എന്റെ ടീ ഷര്‍ട്ട് താഴ്ത്തി നേരയാക്കി.
