“അപ്പോ മാമനോട് അത്യാവശ്യമായി സംസാരിക്കാനുണ്ടെന്നൊന്നും പറയേണ്ട കാര്യമില്ലേ…? ഇങ്ങോട്ട് വരാൻ പറയണ്ടേ..?” അവൾ സംശയത്തോടെ ചോദിച്ചു.
“വേണ്ട ധ്വനി. നീ പറഞ്ഞത് പോലത്തെ ആള് തന്നെയാണ് നിന്റെ മാമനെങ്കിൽ നീ വിളിക്കാതെ തന്നെ അയാള്‍ ഇങ്ങോട്ട് വന്നോളും. എല്ലാം ഞാൻ വിചാരിച്ച പോലെ നടക്കാൻ പോകുകയാണ്. കോൾ എടുക്ക്. എന്നിട്ട് സ്പീക്കറിലിട്.” ഞാൻ പിന്നെയും ചിരിച്ചു.
ഒന്നും മനസ്സിലാവാതെ അവള്‍ തലയാട്ടി. പക്ഷേ ആ കോൾ അറ്റൻഡ് ചെയ്തിട്ട് അവള്‍ വേഗം സ്പീക്കറിലിട്ടു.
“ഹലോ മാമാ..!” അവള്‍ വെറുപ്പോടെ സംസാരിച്ചു.
“എന്റെ ലഡു, എവിടെയാണ് നീ..?” ഒരു പരുക്കന്‍ ശബ്ദം വളരെ റോമാന്റിക്കായി ഹിന്ദിയില്‍ ചോദിച്ചു.
ഞാൻ അന്തംവിട്ട് അവളെ നോക്കി, “ലഡു വോ..?” ശബ്ദം ഇല്ലാതെ ചുണ്ടുകൾ മാത്രം അനക്കി ഞാൻ അവളോട് ചോദിച്ചു. എന്നിട്ട് പൊട്ടി വന്ന ചിരി അടക്കി പിടിക്കാൻ കഴിയാതെ ഞാൻ പെട്ടന്ന് എന്റെ വായ പൊത്തി പിടിച്ചു.
ധ്വനിയുടെ മുഖം പെട്ടന്ന് ചുവന്ന് തുടുത്ത് പഴുത്ത തക്കാളി പോലെയായി പോയി. എന്റെ ചിരി കണ്ടിട്ട് ദേഷ്യം അഭിനയിച്ച് അവള്‍ കണ്ണുരുട്ടി കാണിച്ചു.
“തലവേദന കാരണം കുറച്ച് റെസ്റ്റെടുക്കാനായി ഞാൻ എന്റെ റൂമിൽ വന്നു മാമാ. എന്തിനാ വിളിച്ചത്..?” അപ്പോഴും വായ പൊത്തി ചിരിക്കുന്ന എന്റെ മുഖത്ത് നിന്നും ദേഷ്യത്തില്‍ നോട്ടം മാറ്റി ധ്വനി തിരിച്ച് ഹിന്ദിയില്‍ സംസാരിച്ചു.
“ഓഹ് ഹൊ ഹോ…!” അയാള്‍ കുതിര ചിനക്കുന്ന പോലെ ഭയങ്കര സന്തോഷത്തില്‍ ചിരിച്ചു. “ഹയ്യാ, എന്റെ ജിലേബി റൂമിലാണേ ഉള്ളത്..!! ശെരി ശെരി, ഞാൻ ഇവിടെ താഴെ ഉണ്ട്. നിന്നെ ഇവിടെ കാണാത്തത് കൊണ്ടാണ് വിളിച്ചത്.” അയാള്‍ സന്തോഷത്തോടെ പിന്നെയും കുതിര ചിനക്കുന്നത് പോലെ ചിരിച്ചു.
