അപ്പോ അവൾ മടിച്ച് എന്നെ നോക്കി. അവളുടെ കണ്ണുകളിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നു.
“മടിയൊന്നും വേണ്ട ധ്വനി.” അലിവോടേ ഞാൻ പറഞ്ഞു. “ഈ നിമിഷം നീ പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോകുകയാണ്, നീ പുതിയ ധ്വനിയായി മാറാൻ പോകുകയാണ്. അതുകൊണ്ട് നിന്റെ സേർട്ടിഫിക്കറ്റ്സ് ഒഴികെ മറ്റുള്ളതൊക്കെ കളഞ്ഞേക്ക്. നിന്റെ കഴിഞ്ഞുപോയ ആ നരക ജീവിതത്തിന്റെ ഓര്‍മ്മകളും, അതിന്റെ കൂട്ടത്തിൽ ഈ മോശമായ ഡ്രെസ്സും ചെരുപ്പമൊക്കെ നീ ഇവിടെ തന്നെ കളയണം. പുതിയ ആളായി നീ മാറണം.”
ഉടനെ ധ്വനിയുടെ കണ്ണുകളിൽ ആത്മ വിശ്വാസം നിറഞ്ഞു. ദൃഢമായ തീരുമാനം എടുത്തത് പോലെ അവളുടെ ഭാവം തന്നെ പെട്ടന്ന് മാറി. ആത്മ വിശ്വാസത്തോടേയുള്ള ഒരു പുഞ്ചിരിയും അവളുടെ ചുണ്ടില്‍ വിരിഞ്ഞു. ഒപ്പം എന്നോട് അതിയായ വിശ്വാസവും മതിപ്പും അവളുടെ കണ്ണുകളിൽ നിറഞ്ഞു. കൂടാതെ എന്നോടുള്ള ആരാധന കൂടിയത് പോലത്തെ നോട്ടവും, ഗാഢമായ സ്നേഹം ഉള്ളില്‍ നിറഞ്ഞു കവിയുന്നത് പോലത്തെ ഒരു തിളക്കം അവളുടെ കണ്ണില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
“ശെരി എന്റെ ഹീറോ. എനിക്ക് വേണ്ടതൊക്കെ ഞാൻ വാങ്ങിക്കാം,” അവള്‍ കുസൃതി ചിരിയോടെ പറഞ്ഞു.
“ഹീറോ യോ..?” അവളെ മിഴിച്ചു നോക്കി ഞാൻ തല ചൊറിഞ്ഞു.
അപ്പോ അവൾ കുണുങ്ങി ചിരിച്ചു. “മ്മ്, അതേ, നീ എന്റെ ഹീറോ തന്നെയല്ലേ..? നരകത്തില്‍ നിന്നും രക്ഷിച്ച എന്റെ ഹീറോ.”
“ധ്വനി, പ്ലീസ്.. അങ്ങനെ ഒന്നും വിളിക്കരുത്.” അസ്വസ്ഥതനായി ഞാൻ പറഞ്ഞു.
“എന്റെ ഇഷ്ട്ടം പോലെ തന്നെ ഞാൻ വിളിക്കും.” ചിരിച്ചുകൊണ്ടാണെങ്കീലും വാശിയോടെയാണ് അവൾ പറഞ്ഞത്.
