“തല്‍കാലം ജോലി ഒന്നും ചെയ്യണ്ട.” ഞാൻ പറഞ്ഞപ്പോ അവള്‍ മുഖം ചുളിച്ചു.
“അതെന്താ, ഇപ്പൊ ജോലി ഒഴിവൊന്നുമില്ലേ..?” അവള്‍ നിരാശപ്പെട്ടു.
“ഒഴിവൊക്കെയുണ്ട്. പക്ഷെ എന്റെ പ്ലാൻ വേറെയാണ്.”
“എന്ത് പ്ലാൻ..?” സംശയത്തോടെ അവള്‍ ചോദിച്ചു.
“നിന്റെ BPT കംപ്ലീറ്റ് ചെയ്യാൻ നിനക്ക് ആഗ്രഹമുണ്ടോ..?” പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
അവൾ അപ്പൊ അവിശ്വസനീയമായി എന്നെ നോക്കി.
“എന്താ, താൽപര്യമില്ലേ..?” ഞാൻ നിരാശ അഭിനയിച്ച് ചോദിച്ചു.
“താൽപര്യമുണ്ട്.” അവൾ വെപ്രാളത്തിൽ പറഞ്ഞു. “പക്ഷേ —”
“ഫീസും കാര്യങ്ങളും ഞാൻ നോക്കിക്കോളാം. നിന്റെ സകല ചിലവുകളും ഞാൻ വഹിച്ചോളാം.”
“ആയോ ജിനു, അത്—”
“ധ്വനി, നീ വെറുതെ എല്ലാത്തിനും ഇങ്ങനെ തടസ്സം നില്‍ക്കരുത്. നിനക്ക് വേണ്ടതൊക്കെയാണ് ഞാൻ ചെയ്യുന്നത്, അല്ലാതെ അനാവശ്യമായി ഒന്നും ഞാൻ ചെയ്യുന്നില്ല. കാശിന്റെ കാര്യമൊന്നും വിചാരിച്ച് നീ പേടിക്കേണ്ട. ഞാൻ നോക്കിക്കോളാം. നിനക്ക് പഠിക്കാൻ താൽപര്യം ഉണ്ടോ ഇല്ലയോന്ന് മാത്രം പറ..?” അല്‍പ്പം ദേഷ്യത്തില്‍ തന്നെ ഞാൻ അവളോട് സംസാരിച്ചു.
“ഞാൻ പഠിക്കാം.” ഞാൻ ദേഷ്യപ്പെട്ടതിൽ അവള്‍ക്ക് പെട്ടെന്ന് സങ്കടം വന്നെങ്കിലും ധ്വനി തിടുക്കത്തിൽ മറുപടി പറഞ്ഞു.
“ഹ്മ്, നല്ലത്.” ഞാൻ ദേഷ്യ ഭാവം മാറ്റി പുഞ്ചിരിച്ചു.
“ജിനു, നീയും മൂന്ന് വര്‍ഷം പഠിച്ചതല്ലേ, കംപ്ലീറ്റ് ചെയ്യാൻ നിനക്ക് താൽപര്യം ഉണ്ടെന്നല്ലേ പറഞ്ഞത്. അപ്പൊ എങ്ങനെയെങ്കിലും നീ സമയം കണ്ടെത്ത് ജിനു, നമുക്ക് ഒരുമിച്ച് പഠിച്ച് കംപ്ലീറ്റ് ചെയ്യാം.” അവള്‍ പറഞ്ഞു.
