“എടി മോളെ, അവിടെ റോഡില്‍ നിന്നുകൊണ്ട് ഇങ്ങനെ ബഹളം ഉണ്ടാകല്ലോ…!” ഞാൻ ശാസിച്ചു.
“എന്നാലും ഇങ്ങനെ ചെയ്തത് ശെരിയായില്ല അച്ചാച്ചാ.” അവൾ ശബ്ദം താഴ്ത്തി സങ്കടം പറഞ്ഞു. “ഇപ്പൊ അച്ചാച്ചൻ യാത്ര തിരിച്ചെന്ന കാര്യം പറയാനായിരിക്കും എന്നെ വിളിച്ചത്, അല്ലേ..?.” അവള്‍ നല്ല ദേഷ്യത്തില്‍ പല്ലുകൾ ഞെരിച്ചു.
“ഇല്ലടി മോളെ, ഇന്നു ഞാൻ പോണില്ല. നാളെ രാവിലെ നാല് മണിക്ക് പോകാനാണ് പ്ലാൻ. പിന്നെ, ഇപ്പൊ ഞാൻ നമ്മുടെ വീട്ടിലേക്ക് പോയി കൊണ്ടിരിക്കുകയാണ്, അത് പറയാനാ ഞാൻ നിന്നെ വിളിച്ചത്.”
“സത്യാണോ അച്ചാച്ചാ…?!” ജെസ്സി ഭയങ്കര സന്തോഷത്തില്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. “ഓക്കെ, ഓക്കെ, അച്ചാച്ചൻ വച്ചേ, ഞാനിതാ എത്തി.”
“എടി മോളെ നീ സ്പീഡിൽ ഒന്നും—” പക്ഷേ ഞാൻ പറയുന്നത് കേള്‍ക്കാതെ അവള്‍ കോൾ കട്ടാക്കി കഴിഞ്ഞിരുന്നു. പെട്ടന്ന് എന്റെ അടുത്തേക്ക് വരാനായി ജെസ്സി വെപ്രാളം പിടിച്ച് റോഡില്‍ അശ്രദ്ധയായി വണ്ടി ഓടിക്കും എന്ന പേടിയായിരുന്നു എനിക്ക്.
ഞാൻ വിഷമിച്ച് തലയാട്ടി കൊണ്ട് എന്റെ അമ്മയെ വിളിച്ച് ഞാൻ വരുന്ന കാര്യം അറിയിച്ചു. ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാൻ ഞങ്ങളുടെ ആ വീട്ടിലേക്ക് പോകുന്നത്.
ഞാൻ വരുന്നത് കൊണ്ട് അമ്മ ഗെയിറ്റ് തുറന്നാണ് ഇട്ടിരുന്നത്. ഗെയിറ്റിൽ തന്നെ പ്രതീക്ഷയോടെ നോക്കി അമ്മ സിറ്റൗട്ടിൽ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ വണ്ടി ഗേയിറ്റിലൂടെ കടന്ന് അകത്തേക്ക് കേറി വരുന്നത് കണ്ടതും അമ്മയുടെ മുഖത്തുണ്ടായ സന്തോഷം കാണേണ്ടതായിരുന്നു – സ്വന്തം നവജാത ശിശുവിനേ ആദ്യമായി കാണുമ്പോ ഉണ്ടാകുന്ന അതേ സന്തോഷവും സ്നേഹവും തന്നെയാണ് അമ്മയുടെ മുഖത്ത് നിറഞ്ഞത്.
