ഞങ്ങളുടെ സംസാരം രാത്രി 10 മണി വരെ നീണ്ടു പോയി. ഒടുവില്‍ ഞാൻ എന്റെ അമ്മയുടെ കൈ മൃദുവായി പിടിച്ച് മാറ്റിയ ശേഷം എന്നെ കെട്ടിപിടിച്ചു കിടന്നിരുന്ന ജെസ്സിയുടെ കൈകളും മെല്ലെ അടർത്തി മാറ്റി എഴുന്നേറ്റു.
“ശെരി അമ്മ, ജെസ്സി മോളെ…, ഇനി ഞാൻ പോട്ടെ.”
“എങ്ങോട്ട് പോവാന്‍, അതൊന്നും പറ്റില്ല.” ജെസ്സി ചാടി എണീറ്റ് എന്റെ കയ്യില്‍ പിടിച്ചുകൊണ്ട് വാശി പിടിക്കും പോലെ പറഞ്ഞു. അമ്മയും എഴുനേറ്റ് നിന്നിട്ട് മുഖം ചുളിച്ചു.
“ജെസ്സി, വെളുപ്പിന് എനിക്ക് യാത്രയാവേണ്ടതല്ലേ. അതുകൊണ്ട്—”
“വെളുപ്പിന് പോണ്ടാന്ന് ആരും പറഞ്ഞില്ലല്ലോ…? നാല് മണിക്കല്ലേ അച്ചാച്ചന് യാത്ര തിരിക്കേണ്ടത്..? പിന്നെ വണ്ടിയില്‍ തന്നെ വേണ്ടതൊക്കെ റെഡിയാക്കി വച്ചിട്ടുള്ളതല്ലേ..? അതുകൊണ്ട് വേറെ ഒന്നും പ്രത്യേകിച്ച് റെഡിയാക്കേണ്ടതുമില്ല. അപ്പോ പിന്നെ ഇവിടെ കിടന്നിട്ട് മൂന്ന് മണിക്ക് എഴുനേറ്റ് അച്ചാച്ചന്റെ വീട്ടില്‍ പോയാലും സമയത്തിന് തന്നെ യാത്ര പോകാലോ..! അച്ചാച്ചൻ ഇവിടെതന്നെ ഉറങ്ങിയിട്ട് വെളുപ്പിന് പോയ മതി.” ജെസ്സി വാശിപിടിച്ചു.
“ജെസ്സി മോള് പറഞ്ഞത് തന്നെയ എനിക്കും പറയാനുള്ളത്. നിനക്ക് വെളുപ്പിന് പോകാം, അങ്ങനെ മതി.” അമ്മയും തറപ്പിച്ച് പറഞ്ഞു.
“അമ്മ അത്—”
“വേണ്ട, വേണ്ട, വേണ്ട.. അച്ചാച്ചൻ ഒന്നും പറയണ്ട. ഇപ്പൊ അച്ചാച്ചൻ എങ്ങും പോണില്ല.” ജെസ്സി രണ്ടുകാലും മാറിമാറി നിലത്ത് ചവിട്ടി വാശി പിടിച്ചു. അവളുടെ കുട്ടിത്തം കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്.
