“ജിനു, ഒരു മണിക്കൂറെങ്കിലും നിന്റെ കൺസൾട്ടിങ് റൂമിൽ നിനക്ക് ഇരുന്നൂടേ…?” ഇത്തിരി പ്രായമമുള്ള ഒരാൾ പ്രതീക്ഷയോടെ എന്നോട് ഉറക്കെ വിളിച്ച് ആവശ്യപ്പെട്ടു. “ഇവിടെ കുറെ ആളുകള്‍ക്ക് നിന്റെ ആവശ്യമുണ്ട്.”
അതുകേട്ടപ്പോ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. കുറച്ച് നേരത്തേക്ക് ഞാൻ ഇരിക്കാമെന്നേറ്റു.
പക്ഷേ എങ്ങനെയൊക്കെയോ ഞാൻ വീട്ടില്‍ ഉള്ളതറിഞ്ഞിട്ട് അടുത്തടുത്ത സ്ഥലങ്ങളില്‍ നിന്നും മാത്രമല്ല, അല്‍പ്പം അകലെ നിന്നുപോലും ഒരുപാട് ആളുകൾ എന്റെ വീട്ടിലേക്ക് വരാൻ തുടങ്ങിയിരുന്നു. ഓരോ നിമിഷവും ആളുകൾ കൂടിക്കൂടി കൊണ്ടിരുന്നു.
അത്യാവശ്യമായ ചില നാടൻ ചികില്സയ്ക്ക് വേണ്ടിയും, ചിലർ മരുന്നുകള്‍ വാങ്ങിക്കാനും, മറ്റുചിലർ വിഷ ചികില്സയ്ക്ക് വേണ്ടിയും, പല കാരണങ്ങളാൽ ചില മര്‍മ്മ സ്ഥാനങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള ചികില്‍സിക്കായുമൊക്കെ ആളുകൾ വരാൻ തുടങ്ങിയിരിക്കുന്നു.
വളരെ പ്രതീക്ഷയോടെ വന്ന അവരെയൊക്കെ നിരാശരായി മടക്കിയയക്കാനുള്ള മനസ്സ് എനിക്കുണ്ടായില്ല. അതുകൊണ്ട് ഒരു മണിക്കൂര്‍ എന്നതിനെ മാറ്റി ഇന്നത്തെ ദിവസം ഇവിടെ തന്നെ നിന്ന് ഇങ്ങോട്ട് വരുന്ന എല്ലാവരെയും കണ്ട ശേഷം നാളെ വെളുപ്പിന് എന്റെ യാത്ര തുടരാനായി ഞാൻ തീരുമാനിച്ചു.
എന്റെ ചെടികളുടെ കാര്യത്തില്‍ ഇനിയും ആവശ്യം പോലെ സമയമുണ്ട്, അതുകൊണ്ട് ആദ്യം മനുഷ്യരുടെ ആവശ്യങ്ങള്‍ കഴിഞ്ഞ ശേഷം ആ ചെടികളുടെ കാര്യം നോക്കാനാമെന്ന് ഞാൻ മാറ്റി വച്ചു.
