പക്ഷേ ഞാൻ മനസ്സിനെ കല്ലാക്കി കൊണ്ട് ഞാൻ മിണ്ടാതെ കിടന്നു. എനിക്ക് അവളുടെ ഉത്തരം കേൾക്കാതെ എന്റെ അസ്വസ്ഥത മാറില്ല. അത് അവൾക്കും മനസ്സിലായി.
“അന്ന് ഗോള്‍ഡ മിസ്സ് ചോദിച്ചായിരുന്നു, എനിക്ക് അച്ചാച്ചനെ എത്രത്തോളം ഇഷ്ടമാണെന്ന്. പക്ഷേ അതെങ്ങനെയ അത്ര നിസ്സാരമായി പറയാൻ കഴിയുക..! ഒരു അമ്മക്ക് കൊടുക്കുന്ന സ്നേഹം മാത്രമാണ് ഞാൻ നമ്മുടെ മമ്മക്ക് കൊടുക്കുന്നത്. ഒരു അച്ഛന് കൊടുക്കേണ്ട സ്നേഹം മാത്രമാണ് ഞാൻ നമ്മുടെ പപ്പക്ക് കൊടുക്കുന്നത്. നമ്മുടെ കുടുംബക്കാർക്കും അവരവർക്ക് കൊടുക്കേണ്ട സ്നേഹം മാത്രമാണ് ഞാൻ ഓരോരുത്തര്‍ക്കും കൊടുക്കുന്നത്. എന്റെ ഫ്രണ്ട്സിനും ഒരു ഫ്രണ്ടിന് കൊടുക്കേണ്ട സ്നേഹം മാത്രമാണ് ഞാൻ കൊടുക്കുന്നത്. പക്ഷേ അച്ചാച്ചന് മാത്രമാണ് അവർ എല്ലാവർക്കും കൊടുക്കുന്ന എല്ലാ തരം സ്നേഹത്തേയും ഒരുമിച്ച് കലര്‍ത്തി ആയിരമിരട്ടിയായി ഞാൻ അച്ചാച്ചന് തരുന്നത്. അത്രമാത്രം ഇഷ്ട്ടമാണ് എനിക്ക് അച്ചാച്ചനെ. പക്ഷേ ഇതൊക്കെ ഞാൻ എങ്ങനെ ഗോള്‍ഡ മിസ്സിന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ കഴിയുമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് എന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി കൊടുക്കാൻ വേണ്ടി അങ്ങനെ ഞാൻ പറഞ്ഞത് — എനിക്ക് ഓര്‍മ വച്ച ശേഷം, നമ്മുടെ അമ്മയേക്കാളും അച്ചാച്ചനേയാണ് ആദ്യമായി ഞാൻ സ്നേഹിക്കാന്‍ തുടങ്ങിയത്. അതുകൊണ്ടാണ് അച്ചാച്ചൻ എന്റെ ഫസ്റ്റ് ലവ് എന്ന് ഞാൻ പറഞ്ഞത്. പിന്നെ എന്റെ ജീവിതത്തിൽ ആരൊക്കെ കടന്നുവന്നാലും പോയാലും, ആരെയൊക്കെ ഞാൻ സ്നേഹിച്ചും ഇല്ലെങ്കിലും, ആരോടൊക്കെ എനിക്കുള്ള സ്നേഹം നഷ്ട്ടപെട്ടു പോയാലും… അച്ചാച്ചനോളുള്ള എന്റെ സ്നേഹം മാത്രം ഒരിക്കലും കുറയുകയോ അവസാനിക്കുകയോ ചെയ്യില്ല, എപ്പോഴും അത് തീവ്രമായി തന്നെ നിലനില്‍ക്കും. അതുകൊണ്ടാണ് അച്ചാച്ചൻ എന്റെ ലാസ്റ്റ് ലവ് എന്നും ഞാൻ പറയാൻ കാരണം. അല്ലാതെ അച്ചാച്ചനെ ഞാൻ കാമുകനെ പോലെ പ്രണയിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ആയിരുന്നില്ല മിസ്സിനോട് പറഞ്ഞത്. ഇത് അച്ഛാച്ചനാണേ സത്യം.” കരച്ചിലിനിടയിൽ അത്രയും പറഞ്ഞിട്ട് ജെസ്സി എന്നോട് പിണങ്ങി അങ്ങോട്ട് തിരിഞ്ഞു കിടന്നു.
