“ഓഹ്… ഓക്കെ, സാരമില്ല. എന്നാ പോയിട്ട് വാ. പിന്നെ കാണം.” ടീച്ചർ നല്ല നിരാശയിൽ പറഞ്ഞു. “പിന്നേ ഡാ, ഞാൻ ഈ ടീച്ചർ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ എന്നെ നിന്റെ കൂടെ കൂട്ടുമോ..? ബയോളജി ടീച്ചറായ എനിക്ക് ചെടികളുടെ കാര്യത്തിൽ അത്യാവശ്യം നല്ല അറിവൊക്കേയുണ്ട്. അത്യാവശ്യമായി വേണ്ട ചില കോഴ്സുകളും ഞാൻ ചെയ്യാം. നിന്റെ ലാബില്‍ എനിക്ക് ജോലി തരുമോ. പിന്നെ ഇതുപോലെ മരുന്ന് ചെടികൾക്കായും മറ്റ് കാര്യങ്ങൾക്കായും നീണ്ട യാത്ര പോകുമ്പോ ഞാനും വരും, എനിക്ക് നിന്നെ കാര്യമായി സഹായിക്കാനും കഴിയും.” ടീച്ചർ ഭയങ്കര പ്രതീക്ഷയോടേയാണ് എന്നോട് ധൃതിയില്‍ സംസാരിച്ചത്.
“അപ്പോ നിത്യേച്ചി നല്ലോരു സര്‍ക്കാര്‍ ജോലി കളഞ്ഞിട്ട് എന്റെ കൂടെ കൂട്ടാന്‍ നോക്കുകയാണോ..!!” ആശ്ചര്യത്താൽ ഞാൻ ചോദിച്ചു. “അതുകാരണം നിങ്ങള്‍ക്ക് സര്‍ക്കാരിൽ നിന്നും എന്തൊക്കെ നഷ്ടപ്പെടുമെന്ന് ചേച്ചി ചിന്തിച്ചോ..? അതിന് തയ്യാറാണോ..? ഇപ്പൊ തോന്നും എന്റെ കൂടെ ഈ ജോലിയൊക്കെ അടിപൊളി ആണെന്ന്.. പക്ഷേ പിന്നീട് മടുപ്പ് തോന്നി ദുഃഖിക്കരുത്.” ഞാൻ ടീച്ചറെ പിന്തിരിപ്പിക്കാന്‍ ചെറിയൊരു ശ്രമം നടത്തി. പക്ഷേ ടീച്ചർ പറഞ്ഞ കാര്യത്തെ ഞാൻ മനസ്സിലിട്ട് കാര്യമായി ചിന്തിച്ച് കൊണ്ടിരുന്നു.
നിത്യ ടീച്ചർക്ക് മരുന്ന് ചെടികളുടെ കാര്യത്തിൽ അത്യാവശ്യം നല്ല അറിവൊക്കേയുണ്ട്. കൂടാതെ, പല സാഹചര്യങ്ങളിലായി എന്റെ ചില നിർദ്ദേശങ്ങൾ വ്യക്തമായി മനസ്സിലാക്കി സ്വീകരിച്ച് എന്നെ സഹായിച്ചിട്ടുമുണ്ട്. എന്റെ മനസ്സ് ഇതൊക്കെ നേരത്തെ അറിഞ്ഞിരുനനത് കൊണ്ടാവും ടീച്ചർ പോലും അറിയാതെ ഞാൻ ടീച്ചറെ പല സാഹചര്യങ്ങളിലും പരീക്ഷിച്ച് നോക്കിയത്.
