ഞാൻ വണ്ടി ഓഫ് ചെയ്തിട്ട് ഇറങ്ങി. ലോഡ്ജിന് ചുറ്റും ലൈറ്റ് പോളുകൾ സെറ്റ് ചെയ്തിരുന്നത് കൊണ്ട് പുറത്ത് പകൽ പോലത്തെ നല്ല വെളിച്ചം ഉണ്ടായിരുന്നു. ലോഡ്ജിനുള്ളില്‍ മങ്ങിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് ഗ്ളാസ് ഡോറിലൂടേ ഞാൻ കണ്ടു.
ഞാൻ എന്റെ വണ്ടിയുടെ സകല ഡോറും ലോക്ഡ് ആണെന്ന് നന്നായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ഞാൻ പോയി ലോഡ്ജിന്റെ ആ വലിയ ഗ്ലാസ്സ് ഡോർ തള്ളി തുറന്ന് അകത്തേക്ക് കേറി.
വലിയൊരു റിസപ്ഷൻ പാനൽ ചന്ദ്രക്കല പോലെ വളഞ്ഞ് അതിന്റെ രണ്ട് അറ്റവും ചെന്ന് ചുമരിനോട് ചേര്‍ന്നിരുന്നു. പാനലിന്റെ വലത് സൈഡിൽ, അകത്തും പുറത്തും പോകാനുള്ള, ചെറിയൊരു ഒപ്പണിങ് ഉണ്ടായിരുന്നു. റിസപ്ഷനിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. അപ്പോഴാണ് ആ റിസപ്ഷൻ പാനലിന് മുകളിലായി കുത്തനെ നിര്‍ത്തി വച്ചിരുന്ന ചെറിയ വെള്ള ബോർഡ് ഞാൻ കണ്ടത്.
അതിൽ “കോൾ മി” എന്നും, അതിന് താഴെയായി മാർക്കർ പെൻ ഉപയോഗിച്ച് ഒരു മൊബൈൽ നമ്പറും എഴുതി വച്ചിട്ടുണ്ടായിരുന്നു. പക്ഷേ മങ്ങിയ വെളിച്ചത്തിൽ നമ്പർ വ്യക്തമായി കാണാന്‍ കഴിയാത്തത് കൊണ്ട് ഞാൻ അവിടെ ചുമരില്‍ കണ്ട വലിയ ഒരു സ്വിച്ചിനെ ഓണാക്കി. ഉടനെ റിസപ്ഷനിൽ ഉണ്ടായിരുന്ന സകല ലൈറ്റും തെളിഞ്ഞു. ആ പ്രകാശത്തില്‍ എന്റെ കണ്ണുകൾ പെട്ടന്ന് കുറുകി പോയി.
അല്‍പ്പനേരം അങ്ങനെ നിന്ന ശേഷം ഞാൻ ആ ബോർഡിൽ ഉണ്ടായിരുന്ന നമ്പർ എന്റെ മൊബൈലില്‍ സേവ് ചെയ്തിട്ട് അതിലേക്ക് വിളിച്ചു. നാലഞ്ച് റിംഗ് കഴിഞ്ഞാണ് ഒരു പെണ്ണ് എടുത്തത്.
