ഉടനെ എന്റെ വ്യത്യസ്തമായ റിക്വസ്റ്റ് കേട്ട് അവള്‍ ചോദ്യ ഭാവത്തിൽ പുരികമുയർത്തി പിടിച്ചുകൊണ്ട് ചോദിച്ചു, “ഈ പാതിരാത്രി മുകളില്‍ റൂമിൽ നിന്നുകൊണ്ട് പാർക്കിംഗിൽ എന്തിന് നോക്കണം..?”
“അല്ലാ.., എന്റെ വണ്ടി പാർക്കിംഗിൽ കിടപ്പുണ്ട്. ഇവിടെ സെക്യൂരിറ്റിയും ഇല്ല ക്യാമറ സംവിധാനങ്ങളും ഇല്ല. ഒരുപാട് സാധനങ്ങളാണ് എന്റെ വണ്ടിയിലുള്ളത്. കള്ളന്മാരുടെ ശല്യം ഉണ്ടെങ്കിൽ പ്രശ്നമാണ്. അത്ര നിസ്സാരമായി എന്റെ വണ്ടിയില്‍ നിന്നും മോഷണം നടത്താനൊന്നും കഴിയില്ലെങ്കിലും ഒരു സമാധാനത്തിന് വേണ്ടി ഇടക്കിടക്ക് നോക്കാമല്ലോ.” ഞാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
ഉടനെ, റിസപ്ഷൻ പാനലിനകത്ത് നിന്നും ഇറങ്ങി വന്നിട്ട് ഗ്ളാസ് ഡോറിലൂടേ അവള്‍ പുറത്തേക്ക് നോക്കി. പെട്ടന്ന് പേടി മൂലം അവളുടെ കണ്ണുകൾ വിരിഞ്ഞ് വികസിച്ചു. അവള്‍ പെട്ടന്ന് തിരികെ പഴയ സ്ഥാനത്ത് തന്നെ പോയി നിന്നിട്ട് എന്നെ വിടര്‍ന്ന കണ്ണുകളോടെ നോക്കി.
“ആ സാധനം…. ആ കാട്ടാന പോലെ നില്‍ക്കുന്ന മഹീന്ദ്ര ഥാറ് വണ്ടിയാണോ നിങ്ങളുടേത്..?!”
“മ്മ്, അതേ. ആ വണ്ടി തന്നെയ എന്റേത്…!” അവളുടെ റിയാക്ഷൻ കണ്ടിട്ട് ചിരി വന്നെങ്കിലും ചിരിക്കാതെ അഭിമാനത്തോടെ ഞാൻ പറഞ്ഞു. പല ആളുകളും എന്റെ വണ്ടിയെ പലതരം വന്യ മൃഗങ്ങളായിട്ടാണ് ഉപമിച്ച് സംസാരിച്ചിട്ടുള്ളത്. പക്ഷേ കാട്ടാന പോലെയെന്ന് ഈ സുന്ദരി മാത്രമാണ് പറഞ്ഞത്.
“എന്തിനാ ഇങ്ങനെ ആളുകളെ പേടിപെടുത്തുന്ന തരത്തിൽ ആ വണ്ടിയെ മോഡിഫൈ ചെയ്തേക്കുന്നത്..?!” അവളുടെ വിടര്‍ന്ന കണ്ണുകളോടേയുള്ള കോമഡി പോലത്തെ ചോദ്യം കേട്ട് എനിക്ക് ചിരിയടക്കാൻ കഴിയാതെ ഞാൻ ചിരിച്ചുപോയി.
