ഞാൻ ഷോക്കായി അവളെ തന്നെ നോക്കി നിന്നു.
“അപ്പൊ നിന്റെ അച്ഛനും അമ്മയും..?” ഒടുവില്‍ കരച്ചില്‍ നിര്‍ത്തി അവള്‍ കണ്ണുകൾ തുടച്ചപ്പോ ഞാൻ ചോദിച്ചു.
പക്ഷേ അര മണിക്കൂര്‍ മാത്രം പരിചയമുള്ള ഒരു അജ്ഞാതനോടാണ് ഇത്രയും ഓപ്പണായി സംസാരിച്ചതെന്ന ബോധം ഉണ്ടായത് പോലെ ധ്വനി പേടിയോടെ എന്നെ ഒന്ന് നോക്കി. എന്നിട്ട് അവള്‍ ശബ്ദം അടക്കിപ്പിടിച്ച് സ്വയം ഹിന്ദിയില്‍ ശപിച്ചു.
“സോറി ജിനു. ഞാൻ പറഞ്ഞത് ഒന്നും നിങ്ങള്‍… അല്ല… നി കാര്യമായി എടുക്കേണ്ട. ജിനു റൂമിൽ പോയി റെസ്റ്റ് എടുക്ക്.” അവള്‍ പെട്ടന്ന് അസ്വസ്ഥതയോടെ പറഞ്ഞു.
അവളുടെ പ്രശ്നങ്ങൾ അറിയാൻ ഭയങ്കര ആഗ്രഹം തോന്നിയെങ്കിലും അവളുടെ അസ്വസ്ഥത കണ്ടിട്ട് ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല.
ഞാൻ പോകാനായി തിരിഞ്ഞു.
“ജിനു ഒന്ന് നിന്നെ..!” അപ്പോ എന്തോ പെട്ടന്ന് തീരുമാനിച്ച പോലേയാണ് അവള്‍ ധൃതിയില്‍ പറഞ്ഞത്.
ഞാനും നിന്നിട്ട് തിരിഞ്ഞ് അവളെ നോക്കി. അപ്പൊ എന്റെ നേര്‍ക്ക് അവള്‍ കൈ നീട്ടി, “ആ ചാവി ഇങ്ങ് തന്നെ, ആ റൂമിലേ ബാത്റൂമിൽ എന്തോ ബ്ലോക്ക് കാരണം വെള്ളം വരുന്നില്ലെന്ന് ഇപ്പോഴാണ് ഓര്‍ത്തത്. ഞാൻ വേറെ റൂമിന്റെ ചാവി തരാം.”
അവൾ പറഞ്ഞ ആ ബ്ലോക്ക് ഒരു കള്ളമാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ എന്തോ തക്കതായ കാരണം കൊണ്ടാണ് അവള്‍ അങ്ങനെ പറഞ്ഞതെന്ന് മനസിലായി, അതുകൊണ്ട് ഒന്നും മിണ്ടാതെ എന്റെ കൈയിൽ ഉണ്ടായിരുന്ന ചാവി ഞാൻ തിരികെ കൊടുത്തു.
അതിനെ വാങ്ങിയ ശേഷം കൊണ്ടുപോയി കീ റാക്കിൽ തൂക്കി ഇട്ടിട്ട് മറ്റൊരു ചാവി എടുത്ത് കൊണ്ട് വന്ന് എനിക്ക് തന്നു.
