“റൂം നമ്പർ 602.” അവള്‍ പറഞ്ഞു. “ആറാമത്തെ നിലയിലാണ് റൂം, പ്രശ്നം ഇല്ലല്ലോ..?” അവള്‍ ചോദിച്ചു.
“ഇല്ല.” ഞാൻ പറഞ്ഞു.
“ഓക്കെ. പോയി ഉറങ്ങിക്കോ. വണ്ടിയുടെ കാര്യം വിചാരിച്ച് പേടി വേണ്ട. ഞാൻ നോക്കിക്കോളാം.” അത്ര മാത്രം പറഞ്ഞിട്ട് അവൾ അവിടെ ഉണ്ടായിരുന്ന കസേരയില്‍ തളർന്ന പോലെ ഇരുന്നിട്ട് മുഖം മുന്നോട് നീട്ടി ആ റിസപ്ഷൻ പാനല്‍ ടോപ്പിൽ നെറ്റി മുട്ടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു.
അല്‍പ്പനേരത്തേക്ക് ഞാൻ അവളെ തന്നെ നോക്കി നിന്നു. അവള്‍ക്ക് ഇവിടെ എന്തൊക്കെയോ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് മാത്രം മനസ്സിലായി. എത്ര വലിയ പ്രശ്നം ആണെങ്കിലും, എത്ര കോടി ചിലവായാലൂം സാരമില്ല പക്ഷേ അവളെ എങ്ങനെയും സഹായിക്കണം എന്ന ചിത മാത്രമാണ് എന്റെ മനസ്സിൽ നിറഞ്ഞു നിന്നത്.
പക്ഷേ ഞാനായിട്ട് പറഞ്ഞാൽ ശരിയാവില്ലെന്ന് തോന്നി. അതുകൊണ്ട് മനസ്സില്ലാമനസ്സോടെ ഞാൻ അവിടം വിട്ട് നടന്നു പോയി ലിഫ്റ്റിൽ കേറി ആറാം നമ്പര്‍ ബട്ടണിൽ ഞെക്കി.
ലിഫ്റ്റ് ഡോർ അടഞ്ഞതും എന്റെ മനസ്സ് ധ്വനി പറഞ്ഞ ഓരോ വാക്കുകളെയും ചികഞ്ഞു കൊണ്ടിരുന്നു. അവള്‍ അറിഞ്ഞും അറിയാതെയും പറഞ്ഞതൊക്കെ എന്റെ മനസ്സിലിട്ട് അവളുടെ പ്രശ്നങ്ങൾ എന്തായിരിക്കുമെന്ന് മനസ്സിലാക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.
എന്തുതന്നെയായാലും അവള്‍ ഇവിടെ ഹാപ്പി അല്ലെന്നും, ഇവിടെ നിൽക്കാൻ അവള്‍ക്ക് താൽപര്യം ഇല്ലെന്നും മാത്രം എനിക്ക് വ്യക്തമായി മനസ്സിലായി. ഇവിടെ നിന്നും രക്ഷപ്പെടാൻ വിചാരിച്ചായിരിക്കും അവൾക്കും ജോലി കൊടുക്കാൻ എനിക്ക് കഴിയുമെന്ന പ്രതീക്ഷയില്‍ ഇനിയും ഒഴിവുണ്ടോന്ന് അവൾ ചോദിക്കാനുള്ള കാരണം.
