ഞാൻ ബിസിയായിരുന്നപ്പോ വിശപ്പും ക്ഷീണവും തലവേദനയുമൊന്നും ഞാൻ അറിഞ്ഞതേയില്ല. പക്ഷേ ഇപ്പൊ അതിനെക്കുറിച്ച് ചിന്തിക്കേണ്ട താമസം അതൊക്കെ എന്നെ ഭയങ്കരമായി ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ വേഗം ഫ്രെഷായി കഴിഞ്ഞതും ഹാളിലേക്ക് പോയി.
“ഷിജി മോളെ…?” ഹാളില്‍ നിന്നുകൊണ്ട് ഞാൻ അവളെ വിളിച്ചു.
“ഞാൻ ഇവിടെ ഇതൊക്കെ നോക്കി ഇരുന്നോട്ടെ അങ്കിളേ..?” ഷിജി ആ റൂമിൽ നിന്ന് പുറത്തേക്ക് എത്തി നോക്കി എന്നോട് ആഗ്രഹത്തോടെ ചോദിച്ചു.
“ഓക്കെ, പക്ഷേ അന്നത്തെ പോലെ അറിയാത്ത കാര്യങ്ങൾ ഒന്നും ഇവിടെ നീ പരീക്ഷിക്കില്ലെന്ന് പ്രോമിസ് ചെയ്യണം.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അവളുടെ മുഖം വാടിയെങ്കിലും അവള്‍ പ്രോമിസ് ചെയ്തു.
“പക്ഷേ ഞാൻ നിനക്ക് പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളിൽ നിന്നൊക്കെ മാത്രം വേണമെങ്കിൽ നിനക്ക് പരീക്ഷിച്ച് നോക്കാം, പ്രശ്നമില്ല. എന്റെ ലാബ് എക്യുപ്മെന്റ്സും നിനക്ക് ഉപയോഗിക്കാം.” ഞാൻ അവള്‍ക്ക് കുറച്ച് സ്വാതന്ത്ര്യം കൊടുത്തു.
ഉടനെ അവളുടെ മുഖം സന്തോഷത്തില്‍ പ്രകാശിച്ചു. കണ്ണുകൾ വിടര്‍ന്നു തിളങ്ങി. “താങ്ക്സ്, താങ്ക്സ്, താങ്ക്സ് അങ്കിൾ.” സന്തോഷത്തില്‍ അവള്‍ തുള്ളിച്ചാടി.”
ചിരിച്ചുകൊണ്ട് ഞാൻ നേരെ ഗ്രേയ്സി ചേച്ചിയുടെ ഒറ്റ നില ടെറസിട്ട വീട്ടിലേക്ക് പോയി.
“ആ പെണ്ണ് നിന്റെ ലാബിലാണോ കൂടിയത്..?” ഞാൻ വീട്ടില്‍ കേറിയ ഉടനെ ചിരിയും അല്‍പ്പം ആശങ്കയോടും ഗ്രേയ്സി ചേച്ചി ചോദിച്ചു.
“അതേ ചേച്ചി.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
