“താങ്ക്സ് ജിനു. ഞാൻ എന്റെ റൂമിൽ വന്നതും വിളിക്കാം.” അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.
അവളുടെ പ്രശ്നങ്ങൾ എന്തായിരിക്കുമെന്നും എത്ര ഗുരുതരമായിരിക്കുമെന്നും ഞാൻ ഊഹിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞ് റെസ്റ്റെടുക്കാൻ റൂമിൽ പോകുമെന്ന് പറഞ്ഞവൾ വെറും ഇരുപത് മിനിറ്റ് ആയപ്പോ തന്നെ എനിക്ക് വിളിച്ചു.
“ഹാ, ധ്വനി റൂമിൽ എത്തിയോ..?” എടുത്തിട്ട് ഞാൻ ചോദിച്ചു.
“എത്തി, ടെൻഷൻ കാരണം ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്യാനൊന്നും എനിക്ക് കഴിഞ്ഞില്ല, അതുകൊണ്ട് വേഗം റൂമിലേക്ക് വന്നു. ജിനു ഇങ്ങോട്ട് വാ.” ഭയങ്കര ടെൻഷനിൽ പറഞ്ഞിട്ട് അവള്‍ കട്ടാക്കി.
ഞാൻ പുറത്തിറങ്ങി എന്റെ റൂം ലോക് ചെയ്തിട്ട് തൊട്ടടുത്ത റൂമിന് മുന്നില്‍ പോയി തട്ടാൻ തുടങ്ങിയപ്പോഴാണ് ഡോറിൽ ഗ്യാപ്പ് കിടക്കുന്നത് കണ്ടത്. പക്ഷേ എന്നിട്ടും ഞാൻ തട്ടി.
“ആഹാ, ഡോർ തുറന്ന് കിടന്നിട്ടും തട്ടുന്ന ഇത്രയും മാന്യനായ മനുഷ്യനെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല.” അകത്ത് നിന്നും ധ്വനി ചിരിക്കുന്നത് കേട്ടു. അതും ആദ്യമായിട്ട് ടെൻഷൻ ഒന്നും ഇല്ലാതെ യാഥാര്‍ത്ഥമായിട്ടാണ് അവള്‍ ചിരിച്ചത്.
ഞാൻ വാതിൽ ഉള്ളിലേക്ക് തള്ളി തുറന്ന് അകത്ത് കേറിയിട്ട് വാതില്‍ക്കല്‍ തന്നെ ഒന്ന് മടിച്ച് നിന്നു.
“എന്തേ, എന്റെ കൂടെ ഒറ്റക്ക് നിൽക്കാൻ പേടിയുണ്ടോ..?” കളിയാക്കും പോലെ അവൾ ചോദിച്ചു. “എന്നെ വിശ്വസം ഉണ്ടെങ്കിൽ മാത്രം അകത്തേക്ക് വന്ന് ഡോർ ലോക്ക് ചെയ്താൽ മതി.”
