“ധ്വനിയെ ആദ്യമായി കണ്ടപ്പോഴേ വിശ്വസിക്കാന്‍ എന്റെ മനസ്സ് പറഞ്ഞു, ആ കാരണം തന്നെ എനിക്ക് ധാരാളമാണ്.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “നിന്നോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് നിന്നോടുള്ള വിശ്വാസം വര്‍ധിച്ചു കൊണ്ടേ പോയി. അതുകൊണ്ടാണ് നീ മേല്‍നോട്ടം വഹിക്കുകയാണെങ്കിൽ മാത്രം ആ സർവീസ് ടീമിനെ വിളിച്ചാല്‍ മതിയെന്ന് ഞാൻ പറഞ്ഞത്.” അത്രയും പറഞ്ഞിട്ട് ഞാൻ അവളുടെ കണ്ണുകളിൽ സൂക്ഷിച്ച് നോക്കി ചോദിച്ചു, “ശെരിക്കും എന്റെ വണ്ടിക്കകത്തുള്ള സാധനങ്ങളുടെ വില എത്ര വരുമെന്ന് അറിയാമോ..?”
ഇല്ലെന്ന് അവള്‍ ഉടനെ തലയാട്ടി.
“ആ കന്നാസുകളിൽ നിറച്ചിരിക്കുന്ന വെള്ളം കൂട്ടാതെ മറ്റുള്ള സാധനങ്ങൾക്ക് മാത്രമായി ഏറ്റവും കുറഞ്ഞത് ഇരുപത് കോടി സിമ്പിളായി എനിക്ക് കിട്ടും.” ഞാൻ അവളോട് പറഞ്ഞു.
അവള്‍ അന്തിച്ചു പോയി വായ് പിളര്‍ന്ന് നോക്കി. “അപ്പോ ആ വെള്ളം—”
“ആ വെള്ളത്തിന് മാത്രമായി അത്രയ്ക്ക് വിലയൊന്നും കിട്ടില്ല. പക്ഷേ ഞാൻ ഉണ്ടാക്കുന്ന മരുന്നുകളിൽ ആ വെള്ളം നിര്‍ണായകമാണ്. അത്രയും വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്നുകള്‍ വിറ്റാൽ നേരത്തെ ഞാൻ പറഞ്ഞിന്റെ പതിനാലിരട്ടി വില എനിക്ക് കിട്ടും.”
“അമ്മോ….!!” അവള്‍ കണ്ണുകൾ വിരിച്ച് സ്തംഭിച്ചിരുന്നു പോയി. “അപ്പോ പിന്നെ വെട്ടി തുറന്ന് എന്തിനാണ് എല്ലാവരോടും ഇങ്ങനെ പറഞ്ഞു കൊണ്ട് നടക്കുന്നത്..! രഹസ്യമായി കൊണ്ട് നടക്കേണ്ട കാര്യമല്ലേ ഇത്..??! കള്ളന്മാരുടെ ചെവിയില്‍ വീണാല്‍ നിന്നെ കൊല്ലാൻ പോലും അവർ മടിക്കില്ല..!!” ഒടുവില്‍ അവള്‍ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് പേടിയോടെ എന്നെ ശാസിച്ചു. “വെറുതേയല്ല സെക്യൂരിറ്റി ഇല്ലെന്ന് നീ ആശങ്കപ്പെട്ടത്.!!”
