അവളുടെ കണ്ണുകളിൽ തന്നെ സൂക്ഷിച്ചു നോക്കി പഠിച്ച് കൊണ്ടിരുന്ന എനിക്ക് അവളുടെ കണ്ണുകളിൽ നിന്നും തെറ്റായ ആഗ്രഹങ്ങള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അത്യാഗ്രഹവും അവളിൽ ഞാൻ കണ്ടില്ല.
ഇങ്ങനെ വെട്ടി തുറന്ന് സംസാരിച്ച എന്നോട് അവള്‍ക്ക് അമര്‍ഷം തോന്നിയതാണ് ഞാൻ കണ്ടത്. ഞാൻ ഒരു മണ്ടനാണെന്ന് പറയുന്നത് പോലെ എന്നെ നോക്കി അവള്‍ മുഖം ചുളിച്ച് ഇരിക്കുകയായിരുന്നു. ഞാൻ വലുതായി തന്നെ പുഞ്ചിരിച്ചു.
“ഞാൻ എല്ലാവരോടും വിളിച്ച് പറഞ്ഞു കൊണ്ടൊന്നും നടക്കുന്നില്ല, ധ്വനി. നിന്നോട് മാത്രമാണ് ഞാൻ പറഞ്ഞത്. അതും വിശ്വസം ഉള്ളതുകൊണ്ട് മാത്രം. കൂടാതെ എന്റെ വണ്ടിയില്‍ ഇരിക്കുന്ന സാധനങ്ങൾ എങ്ങനെ ഉപയോഗിച്ച് ഇങ്ങനെയുള്ള മരുന്നുകള്‍ ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് മാത്രമേ അറിയൂ. അതുകൊണ്ട് ആരെങ്കിലും അതൊക്കെ മോഷ്ടിച്ചു കൊണ്ട് പോയാൽ പോലും അവര്‍ക്ക് പ്രയോജനം ഉണ്ടാവില്ല. പക്ഷേ എനിക്ക് വലിയ നഷ്ട്ടം ഉണ്ടാകുമെന്നത് സത്യം തന്നെയാണ്.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവളെ സീരിയസ്സായി നോക്കി ചോദിച്ചു, “എന്താ, ഞാൻ നിന്നെ വിശ്വസിച്ചത് തെറ്റായി പോയെന്ന് നിനക്ക് സ്വയം തോന്നുന്നുണ്ടോ, എനിക്കുള്ള വിശ്വസം പോലും നിനക്ക് സ്വയം ഇല്ലേ..?”
ഉടനെ അവളുടെ മുഖം തുടുത്തു കേറി.
“അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ.” അവള്‍ ധൃതിയില്‍ പറഞ്ഞു. “എന്റെ മേല്‍ എനിക്ക് നല്ല വിശ്വസമുണ്ട്. നിന്റെ രഹസ്യം ഞാൻ ആരോടും പറയില്ല. പക്ഷേ എന്റെ മേല്‍ ഇത്രയും വിശ്വസം കാണിച്ചത് കണ്ടിട്ട് ആശ്ചര്യം തോന്നിയാണ് അങ്ങനെ ഞാൻ പറഞ്ഞത്.”
