“അന്ന് എനിക്കൊന്നും അറിയില്ലായിരുന്നു. എന്റെ മാമൻ വൃത്തികെട്ട മനുഷ്യനാണെങ്കിലും എനിക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കി തന്നിരുന്നത് കൊണ്ട് ഞാൻ ഒന്നും ചിന്തിച്ചില്ലായിരുന്നു. എങ്ങനെയെങ്കിലും പഠിച്ച് കഴിഞ്ഞ് അവിടെ നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയില്‍ ഞാൻ മറ്റൊന്നും ആലോചിക്കാതെ ഒപ്പും വിരൽ രേഖകളും വച്ച് കൊടുത്തു.” അവള്‍ കണ്ണുകൾ നിറച്ച് പറഞ്ഞു.
അപ്പോഴാണ് അവളുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഞാൻ ചിന്തിച്ച് നോക്കിയത്. ഏക ആശ്രയം അവളുടെ മാമന്‍ മാത്രമാണ്. എന്നിട്ടും അയാളുടെ മോശമായ പെരുമാറ്റത്തിൽ നിന്നൊക്കെ പരമാവധി ഒഴിഞ്ഞു മാറി നിന്നുകൊണ്ട് ജീവിക്കുന്ന പെണ്‍കുട്ടിയായ അവള്‍ക്ക് എല്ലാ കാര്യങ്ങളിലും വാദി പിടിച്ച് ജീവിക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു.
“സോറി ധ്വനി. ഞാൻ നിന്നോട് ചാടിക്കേറി ദേഷ്യപ്പെട്ടത് മോശമായി പോയി.” ലജ്ജിച്ച് തല താഴ്ത്തി ഞാൻ പറഞ്ഞു.
“സാരമില്ല ജിനു.” പെട്ടന്ന് അവള്‍ മുന്നോട്ട് കുനിഞ്ഞ് എന്റെ കൈയിൽ പിടിച്ച് പുഞ്ചിരിയോടെ പറഞ്ഞിട്ട് എന്റെ കൈ വിട്ടു.
“ആ മുദ്ര പത്രങ്ങൾ… അത് വച്ച് എന്ത് ചെയ്യാനായിരുന്നു അയാളുടെ പ്ലാൻ…?” അവളുടെ കൈയിൽ പതിയെ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“ഒപ്പിട്ട് വാങ്ങിച്ച സമയം, എന്റെ പഠിത്തത്തിന്റെ ആവശ്യത്തിനായി അത് വേനമെന്ന് മാത്രമേ പറഞ്ഞുള്ളു. പക്ഷേ ആ പ്രശ്നങ്ങൾ നടക്കുന്നതിനിടയിലാണ് അയാള്‍ എന്നോട് സത്യങ്ങൾ പറഞ്ഞ് എന്നെ ഭയപ്പെടുത്തിയത്.”
