അപ്പോ ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ പെട്ടന്ന് ഏങ്ങലടിച്ചു കൊണ്ട് മുഖം പൊത്തി കരയാന്‍ തുടങ്ങി.
“ധ്വനി മോളെ…,” പെട്ടന്ന് അമ്മ അവളെ വലിച്ചടുപ്പിച്ച് അവളെ മാറോട് ചേര്‍ത്തു പിടിച്ചു. അവൾ അമ്മയെ ഒന്ന് കെട്ടിപിടിച്ച ശേഷം അമ്മയെ വിട്ടിട്ട് കരഞ്ഞുകൊണ്ട് തന്നെ പപ്പയുടെ മുന്നില്‍ പോയി നിന്നു.
“എനിക്ക് അമ്മയെന്ന് വിളിക്കാൻ അമ്മ ഉണ്ടായിരുന്നു. പക്ഷേ പപ്പ ഉണ്ടായിരുന്നിട്ടും കൂടി കൊടും ക്രൂരതകൾ മാത്രം എന്നോട് കാണിച്ചിരുന്ന അയാളെ അച്ഛൻ എന്ന് വിളിക്കാൻ എന്റെ മനസ്സ് അനുവദിച്ചിരുന്നില്ല. ഒരിക്കൽ പോലും എന്റെ അച്ഛന്റെ നേര്‍ക്ക് ഞാൻ അച്ഛാ എന്ന് വിളിച്ചിട്ടുമില്ല. പക്ഷേ ആരുമല്ലാത്ത എന്നെ രണ്ട് കൈയും നീട്ടി സ്നേഹത്തോടെ സ്വീകരിച്ച നിങ്ങളെ ഞാൻ പപ്പ എന്ന് വിളിച്ചോട്ടേ..?!” കരച്ചിലിനിടയിൽ അവൾ ചോദിച്ചു. “നിങ്ങളെ ഞാൻ അമ്മ എന്ന് വിളിച്ചോട്ടേ…?” തല തിരിച്ച് അവൾ എന്റെ അമ്മയോടും ചോദിച്ചു.
അത് കേട്ട് എന്റെ പപ്പയും അമ്മയും ജെസ്സിയും ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി. പക്ഷേ ഞാൻ ഒന്നും മിണ്ടാതെ സങ്കടം മറച്ച് വെറുതെ പുഞ്ചിരിച്ചു.
“ധ്വനി മോളെ, നിന്നെ ഞാൻ എന്റെ ജെസ്സി മോളെ പോലെതന്നെ നോക്കിക്കോളാം. ഈ നിമിഷം മുതൽ ഞാൻ നിനക്ക് പപ്പയും, ഷൈനി നിനക്ക് അമ്മയും ആയിരിക്കും.” എന്റെ ജീവിതത്തിൽ ആദ്യമായിട്ട് എന്റെ പപ്പയുടെ തൊണ്ട ഇടറിയത് ഞാൻ കണ്ടു. കണ്ണുകൾ പോലും ഈറനണിഞ്ഞു വന്നു.
ഉടനെ ധ്വനി പപ്പയുടെ രണ്ട് തോളിലും പിടിച്ചു കൊണ്ട് പപ്പയുടെ മാറില്‍ നെറ്റി ചേര്‍ത്തുവച്ച് കരഞ്ഞു. അപ്പൊ പപ്പ ഒന്ന് ശങ്കിച്ചു നിന്നെങ്കിലും ആ ശങ്ക മാറ്റി എപ്പോഴും ജെസ്സിയെ ചേര്‍ത്ത് പിടിക്കാറുള്ളത് പോലെ പപ്പ ധ്വനിയെ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചു.
