സത്യത്തിൽ, ആന്റി വീണതിൽ എനിക്ക് വിഷമമുണ്ടായെങ്കിലും ബാക്കി കാര്യങ്ങൾ കേട്ട് നല്ലപോലെ ചിരിയും വന്നു. പക്ഷേ ഞാൻ ഉള്‍ കവിള് രണ്ടും കടിച്ചു പിടിച്ച് ചിരിക്കാതെ ആന്റിയെ നോക്കി. ആന്റി മുഖം വീർപ്പിച്ച് സ്വന്തം മോനെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോ എനിക്ക് ചിരി പൊട്ടുന്ന അവസ്ഥയിലായി. ധ്വനിയും എന്നെപോലെ എങ്ങനെയോ ചിരിയടക്കി നില്‍ക്കുന്നത് കണ്ടു.
“പിന്നേ മമ്മി വീണപ്പോ, ആ വീഴ്ചയില്‍ മമ്മീടെ ഇടത് കാല് റോംഗ് സൈഡിലേക്ക് അല്‍പ്പം തിരിഞ്ഞും പോയി.” അലൻ പെട്ടന്ന് സങ്കടത്തോടെ പറഞ്ഞു. പക്ഷേ സങ്കടത്തിൽ ആണെങ്കിലും, ആന്റി വീഴുന്നതിന് മുമ്പ് കാണിച്ച കോപ്രായങ്ങളെ വീണ്ടും മനസ്സിൽ കണ്ടത് പോലെ അലൻ പെട്ടന്ന് ചിരിക്കുകയും ചെയ്തു.
ഷീനയും ചിരിക്കാതിരിക്കാൻ ശ്രമിക്കുന്നത് പോലെ അവളുടെ ഒരു കവിളിനെ എന്റെ കൈക്ക് സൈഡിൽ അമർത്തി പിടിച്ചു നിന്നു.
“ഡാ, ഡാ…” ആന്റി പെട്ടന്ന് അലനോട് കയർത്തു. “ഞാൻ വീണതിനെ നീ കോമഡി പോലെയാണോടാ പറയുന്നേ..?” ആന്റി പിന്നെയും ചൂടായി. പക്ഷേ ആന്റി പെട്ടന്ന് ചിരിച്ചുകൊണ്ട് തലയാട്ടി.
“അപ്പോ ഹോസ്പിറ്റലിൽ കാണിച്ചില്ലേ…?” ഞാൻ ചോദിച്ചു.
“വിളിച്ചാല്‍ വരണ്ടേ..? ചെറിയ കുട്ടിയായിരുന്നെങ്കിൽ തൂക്കിയെടുത്തോണ്ട് പോകാമായിരുന്നു.” അലൻ അവന്റെ അമ്മയെ തുറിച്ചു നോക്കി. “മമ്മിക്ക് പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞിട്ട് ഇന്നുവരെ ഇങ്ങനെയാ ഞൊണ്ടി ഞൊണ്ടി നടക്കുന്നത്. ഡാഡിയും കുറെ പറഞ്ഞു നോക്കി. പക്ഷേ ആര് കേൾക്കാൻ.”
