മഴ [സിമോണ] 251

മഴ ഏതാണ്ട് തോർന്നിരിക്കുന്നു..

താഴെ കിടന്നിരുന്ന മൂടി കഴുകി, തിളച്ചുകൊണ്ടിരുന്ന ചോറും കലം പാതിമൂടിവെച്ച്, കാപ്പിപ്പൊടി ടിന്നിനു താഴെ വച്ചിരുന്ന എഴുത്തിനെ ബ്ലൗസിനിടയിലേക്ക് തിരുകി പുറത്തുകടക്കുമ്പോഴേക്കും വല്യമ്മായി കുളി കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു..
നടുത്തളത്തിൽ വടക്കു കിഴക്കേ മൂലയ്ക്ക് വെച്ചിരുന്ന ചെറിയ സ്റ്റാൻഡിലെ ഗുരുവായൂരപ്പന്റെ ഫോട്ടോക്കുമുന്പിൽ വിളക്കും ചന്ദനത്തിരിയും കത്തിച്ച് ജപിച്ചുകൊണ്ട് അമ്മായി അരികിലേക്ക് വന്നു.

“നമഃശിവായ.. നമഃശിവായ…
ഇനി വേണെങ്കി എന്റെ മോള് പോയി ഇത്തിരി കിടന്നോ.. അമ്മായി അടുക്കളയിൽ കയറാൻ നോക്കട്ടെ..
നമഃശിവായ..നമഃശിവായ”
ഈറൻ മുടിയിൽ തുവർത്ത് ചുറ്റി, ചായപ്പാത്രം കയ്യിലെടുത്ത്, വല്യമ്മായി ഇറയത്ത് നിറച്ചുവെച്ചിരിക്കുന്ന ബക്കറ്റിൽനിന്ന് വെള്ളമെടുക്കാൻ പുറത്തേക്ക് നടന്നു.
പല്ലുതേപ്പും മുഖം കഴുകലും ഏതാണ്ടൊപ്പിച്ച് തണുത്തുറഞ്ഞ വെള്ളത്തിൽ കൈകാലുകൾ നനച്ച് തോർത്തി ഞാൻ ഉമ്മറത്തേക്കും..

ഇന്നെന്തായാലും ഒരു എഴുത്തൂടെ അയച്ചുനോക്കാം..
ചിലപ്പോ പരിചയക്കാർ ആരേലും കണ്ട് അറിയിച്ചാലും മതിയല്ലോ…
ഒരു കുഴപ്പങ്ങളും ഇല്ലാണ്ടിരുന്നാ മതി….
സുഖായി ഇരിക്കുന്നു എന്നറിഞ്ഞാ മാത്രം മതിയായിരുന്നു…

ഇതിനും മറുപടി വന്നില്ലേൽ അവന്റെ അമ്മാവന്റെ വീട്ടിൽ പോയി ചോദിച്ചു നോക്കാം..
വഴി ഒരിക്കൽ അവൻ പറഞ്ഞുതന്നത് ഓർമ്മയിലുണ്ട്…

പക്ഷെ ഞാൻ ആരാണെന്നു ചോദിച്ചാൽ??? എന്ത് പറയും അവരോടൊക്കെ???

ഉമ്മറത്തെ പ്ലാസ്റ്റിക് വള്ളികൾകൊണ്ട് നെയ്ത വട്ടകസേരയിൽ, പേപ്പറുമെടുത്ത് ഇരിക്കുമ്പോഴേക്കും മഴപ്പെണ്ണ് അടുത്ത നൃത്തത്തിനുള്ള ചിലങ്കമുറുക്കുന്നത് കേൾക്കാൻ തുടങ്ങിയിരുന്നു…

“…………..എന്റെ കണ്ണന്..

ഇവിടെ മഴപെയ്യുന്നു… നനഞ്ഞ അന്തരീക്ഷത്തിന് തണുപ്പുണ്ട്…
ഒരുപക്ഷെ നീ അടുത്തുണ്ടായിരുന്നെങ്കിൽ, എന്നെ ചുറ്റി നിന്റെ കൈകൾ, ഈ തണുപ്പിനെ എന്റെ ശരീരത്തിൽ തൊടാനനുവദിക്കാതെ പൊതിഞ്ഞു പിടിച്ചേനെ…
നീ കൂടെയില്ലാതായപ്പോൾ….
ഇപ്പൊ ഈ തണുപ്പിനുപോലും അസഹ്യമായ വേദനയാണ് കണ്ണാ…
മടുക്കുന്നു എനിക്കിതെല്ലാം..

എന്റെ കണ്ണാ….നീ എവിടെയാണ്?
എന്തേ ഇനിയും ഒരെഴുത്തുപോലും അയക്കാത്തെ?
ഇനിയും കഴിഞ്ഞില്ലേ ആ ജോലി? അതാണോ എഴുത്തയക്കാത്തെ??
അതോ!!!…………

വല്യമ്മായി ഇന്നും കല്യാണക്കാര്യത്തെക്കുറിച്ചു പറഞ്ഞു. അവർക്ക് നിന്നോടൊരു വിഷമവുമില്ല..
നീ വരാൻ വൈകുന്നതിലേ അവർക്കു സങ്കടമുള്ളൂ…………… “

ഉമ്മറത്തെ പടിക്കെട്ടിൽ കാലൊച്ചകേട്ടപ്പോൾ എഴുത്ത് മടക്കി ആഴ്ചപ്പതിപ്പിനടിയിൽ വെച്ച് എഴുന്നേറ്റു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

99 Comments

Add a Comment
  1. സിമ്മു ഓണാശംസകൾ

  2. മധുരം…. ???

Leave a Reply

Your email address will not be published. Required fields are marked *