അവൾ എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിലെ നീരസം പതിയെ മാറുന്നത് എനിക്ക് കാണാമായിരുന്നു.
”പിന്നെ എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല എന്ന് നീ ചിന്തിക്കുന്നുണ്ടാകും,” ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി തുടർന്നു. “ഒന്നാമത്, ഇതൊക്കെ സംസാരിക്കാനുള്ള ഒരു സാഹചര്യം നമുക്ക് ഒത്തുവന്നില്ല. പക്ഷേ അതിനേക്കാളുപരി… എനിക്ക് വല്ലാത്തൊരു പേടിയുണ്ടായിരുന്നു
ഹൻസൂ. ഇത്രയും സുന്ദരിയായ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിന്നെ എനിക്ക് നഷ്ടപ്പെടുമോ എന്നൊരു ഭയം.”
അവളുടെ നെഞ്ചിടിപ്പ് കൂടുന്നത് ആ നൈറ്റിക്കുള്ളിലൂടെ എനിക്ക് കാണാമായിരുന്നു.
”ഞാൻ നിന്നെ അത്രമാത്രം ഇഷ്ടപ്പെട്ടുപോയി ഹൻസൂ… നിന്നെ എനിക്ക് വേണമായിരുന്നു. നീ ഓർക്കുന്നുണ്ടോ… ഞാൻ വീഡിയോ കോളിൽ സംസാരിക്കുമ്പോൾ പലപ്പോഴും നിന്നോട് ചോദിച്ചിട്ടില്ലേ, എന്നെക്കുറിച്ച് നിനക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന്? അപ്പോഴൊക്കെ എന്റെ മനസ്സിൽ, നീ എന്റെ കോളേജ് ലൈഫിനെക്കുറിച്ചും പഴയ പ്രണയത്തെക്കുറിച്ചും കൂടുതൽ ചോദിക്കുമെന്നും, ആ തക്കത്തിന് ഇതെല്ലാം നിന്നോട് തുറന്നു പറയാം എന്നുമായിരുന്നു പ്ലാൻ.”
ഞാൻ ഒന്ന് ദീർഘശ്വാസം വിട്ടു.
അവളുടെ മുഖം എന്റെ കൈക്കുള്ളിലെടുത്തു.
”പക്ഷേ, സത്യം പറയട്ടെ… അന്ന് നീ ചോദിച്ചിരുന്നെങ്കിൽ കൂടി ഞാൻ ഇതെല്ലാം തുറന്നു പറയുമായിരുന്നോ എന്ന് എനിക്ക് ഇപ്പോൾ ഉറപ്പില്ല ഹൻസൂ. കാരണം, നിന്നെ എനിക്ക് അത്രയ്ക്കും ജീവനായിരുന്നു. എന്റെ ഒരു തുറന്നുപറച്ചിൽ കാരണം നിന്നെ എനിക്ക് കൈവിട്ടുപോകുമോ എന്ന പേടി എന്നെ വല്ലാതെ വേട്ടയാടിയിരുന്നു. നിന്നെ സ്വന്തമാക്കാൻ വേണ്ടി ഞാൻ എന്ത് കള്ളവും പറഞ്ഞേനെ. പക്ഷേ ഇപ്പോൾ… നീ എന്റെ സ്വന്തമാണ്. ഇനി നമുക്കിടയിൽ ഒരു രഹസ്യവും പാടില്ല. അതാണ് ഞാൻ എല്ലാം തുറന്നു പറഞ്ഞത്.”
