വേദനയുടെ മരവിപ്പിനിടയിലും എന്റെ മനസ്സ് മറ്റേതോ ലോകത്തായിരുന്നു.
ഹോസ്പിറ്റലിലെത്തിയതും രാമേന്ദ്രൻ ചേട്ടനെ ഞാൻ തിരികെ അയച്ചു. ഡോക്ടറെ കണ്ടു കഴിഞ്ഞ് ഞാൻ വിളിക്കുമ്പോൾ വന്നാൽ മതിയെന്നും, വരുമ്പോൾ വിശപ്പിന്റെ അസ്വസ്ഥത മാറ്റാൻ ഒരു ഫലാഫിൽ സാൻഡ്‌വിച്ചും ചായയും കരുതണമെന്നും ഞാൻ ഓർമ്മിപ്പിച്ചു. ടോക്കൺ എടുക്കാനായി ക്യൂ നിൽക്കുമ്പോൾ ഓരോ നിമിഷവും തലയ്ക്കുള്ളിൽ ആയിരം കൂടങ്ങൾ കൊണ്ട് അടിക്കുന്നതുപോലെ വേദന കനക്കുകയായിരുന്നു.
ടോക്കൺ കിട്ടിയ ശേഷം ഡോക്ടറെ കാണാനായി ഞാൻ വെളിയിലെ കസേരയിൽ ചായുന്നു. വേദനയുടെ കാഠിന്യം കാരണം കൈകൾ കൊണ്ട് നെറ്റി അമർത്തിപ്പിടിച്ച്, ഒരു വശത്തേക്ക് ചരിഞ്ഞ്, പാതി കണ്ണുകളടച്ചാണ് ഞാൻ ഇരുന്നത്. കണ്ണുകൾ തുറന്നാൽ
പ്രകാശത്തിന്റെ ഓരോ തുള്ളിയും സൂചിമുനകളായി തലയിലേക്ക് തറച്ചു കയറുന്നതുപോലെ. ലോകം എനിക്ക് ചുറ്റും മരവിച്ചു നിൽക്കുന്നതായി തോന്നി.
ഒടുവിൽ എന്റെ ടോക്കൺ നമ്പർ വിളിച്ചു. കനത്ത തലയുമായി ഞാൻ പതുക്കെ എഴുന്നേറ്റ് ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നു. ആ നടപ്പിനിടയിലാണ്, മങ്ങിയ കാഴ്ചയ്ക്കപ്പുറം പരിചയമുള്ള ഒരു സ്ത്രീരൂപം ദൂരെ നടന്നു നീങ്ങുന്നത് ഞാൻ കണ്ടത്. ആ നടത്തവും ഉടലഴകും എവിടെയോ കണ്ടു മറന്നതുപോലെ. ഡോക്ടറുടെ മുറിയുടെ വാതിൽ തുറക്കാൻ നേരത്ത് ഞാൻ ഒന്നുകൂടി തിരിഞ്ഞു നോക്കിയെങ്കിലും ജനക്കൂട്ടത്തിനിടയിൽ ആ രൂപം അപ്രത്യക്ഷമായിരുന്നു.
മുറിക്കുള്ളിൽ കയറി ഡോക്ടറോട് എന്റെ അസ്വസ്ഥതകൾ
വിവരിക്കുമ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു. ആ കണ്ട രൂപം ആരുടേതാണ്? പ്രവാസത്തിന്റെ ഈ തിരക്കുകൾക്കിടയിൽ, ഹോസ്പിറ്റലിന്റെ ഈ ഇടനാഴിയിൽ വെച്ച് ഞാൻ കണ്ടത് ആരെയാണ്? മുഖം വ്യക്തമാവാത്തതുകൊണ്ട് ഓർമ്മയുടെ ഏടുകൾ തിരയുന്നതിനിടയിൽ തലവേദനയുടെ നീറ്റലിലും ആ രൂപം എന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു.

വൗ…… ത്രസിപ്പിച്ച പാർട്ട്….🥰🥰🥰
😍😍😍😍